ആദിവാസി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചു; പ്രതിഷേധവുമായി ഭരണപ്രതിപക്ഷകക്ഷികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

മാനന്തവാടി: ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മ മരിച്ചു. ജില്ലാ ആസ്പത്രിക്ക് മുന്നില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമിരമ്പി. ജില്ലാ മെഡിക്കല്‍ ഓഫീസറെ തടഞ്ഞുവെച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടേ നാല്‍വെണ്ണമറ്റംകുന്ന് താനിയാട്ട് പണിയകോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്.

 chappa-death

പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്നലെ രാവിലെ ഒമ്പതര മണിയോടെ വേരന്‍, മകന്‍ ഷിജു, ഭാര്യ മിനി, ബന്ധു ബിജിന എന്നിവര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചപ്പയെ എത്തിക്കുകയായിരുന്നു. പനിയും ബി പിയും പരിശോധിച്ച ശേഷംകിടത്തി ചികിത്സിക്കാന്‍ബെഡില്ലെന്നു കാരണം പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വീട്ടമ്മക്ക് പനിക്കും ചുമക്കും ഉള്ള രണ്ട് തരം ഗുളികകളും രണ്ട് തരം ആന്റിബയോറ്റിക് ഗുളികകളുമാണ് നല്‍കിയത്.

നടക്കാന്‍ പോലും കഴിയാതെ തീരെ അവശയായ ചപ്പയെ ഓട്ടോറിക്ഷ വിളിച്ച് അതില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തി ചപ്പയെ ഓട്ടോറിക്ഷയില്‍ നിന്നും ഇറക്കാന്‍ നേരം അബോധാവസ്ഥയിലാവുകയായിരുന്നു. ഉടനടി അതേ ഓട്ടോറിക്ഷയില്‍ തന്നെ വീട്ടമ്മയെ രാവിലെ പതിനൊന്നര മണിയോടെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ചപ്പയുടെ ഇ സി ജി എടുത്തെങ്കിലും മറ്റ് ചികിത്സ നല്‍കുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയും ചെയ്തു.ആദിവാസി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്ന് യുഡിഎഫും സി പി എമ്മും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ആശുപത്രിക്ക് മുന്നില്‍ സമരം തുടങ്ങി.

jayalakshmi

ആദിവാസി സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ജയേഷിനെ സമരക്കാര്‍ തടഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ റീജിനല്‍വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്‍കുകയും ചപ്പയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും ഡിഎംഒ അറിയിച്ചതിനെ തുടര്‍ന്നും സമരങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന്നായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മക്കള്‍: ഷിജു, ബിജു. മരുമക്കള്‍: മിനി, ബിന്ദു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
adivasi women died in hospital due to lack of treatment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്