സിപിഎമ്മും കോൺഗ്രസും ബിജെപിയും കാണുന്ന മാണി സ്വപ്നങ്ങൾ.. പൊളിച്ചടുക്കി ജയശങ്കർ
ചെങ്ങന്നൂർ: കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ത്രിപുരയ്ക്ക് ശേഷം കേരളം ലക്ഷ്യമിട്ടിരിക്കുന്ന അമിത് ഷാ അടക്കമുള്ളവർക്ക് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലം വളരെ നിർണായകമാണ്. എങ്ങനെയെങ്കിലും ചെങ്ങന്നൂരിൽ നാല് വോട്ട് അധികം പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഇടഞ്ഞ് നിൽക്കുന്ന ബിഡിജെഎസിനെ തിരികെ കൊണ്ടുവരാനും കെഎം മാണിയുടെ കേരള കോൺഗ്രസ്സിനെ കുപ്പിയിലാക്കാനും ശ്രമം നടക്കുന്നു. ഇടത്- വലത് മുന്നണികളിൽ രണ്ടിലും ഇടമില്ലാത്ത മാണി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മനസാക്ഷി വോട്ടിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ചെങ്ങന്നൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയിരിക്കുകയാണ് അഡ്വ. ജയശങ്കർ. കുറിപ്പ് ഇങ്ങനെയാണ്:
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി. മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്കത തുടർന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാൻ്റെ ഇടപെടലിനായി പ്രാർത്ഥിക്കുന്നു. മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരിൽ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിൻ്റെ കണക്കുകൂട്ടൽ.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി- നമ്പൂതിരി സഖ്യത്തിൽ നസ്രാണിയെ കൂടി ഉൾപ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്. മഹാത്മാ മാണി ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications