പത്മജയ്ക്ക് പിറകെ ബിന്ദു കൃഷ്ണയും? ബിജെപിയുമായി ചര്‍ച്ച നടത്തിയോ? സുരേന്ദ്രന് മറുപടി
കോട്ടയം: പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. കെ കരുണാകരനെ പോലെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ഒരാളുടെ മകളാണ് ബി ജെ പി പാളയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. 2014 ന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയവര്‍ നിരവധിയാണ്.
എങ്കിലും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരില്‍ ഇത്രയും ഹൈ പ്രൊഫൈലുള്ള ഒരു നേതാവ് ബി ജെ പിയില്‍ എത്തിയിരുന്നില്ല. പി സി ചാക്കോ, അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ എത്തിയ നേതാക്കളാണെങ്കിലും പത്മജയുടെ ബി ജെ പി പ്രവേശനമുണ്ടാക്കുന്ന അത്രയും വലിയ ഓളമൊന്നും അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് പത്മജ കോണ്‍ഗ്രസിന്റെ നെഞ്ചില്‍ തീ കോരിയിട്ട് മറുകണ്ടം ചാടിയിരിക്കുന്നത്. അതും തൃശൂര്‍ പോലെ ബി ജെ പിയുടെ എ ക്ലാസ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നേതാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു പത്മജ വേണുഗോപാല്‍. സംസ്ഥാന നേതൃത്വവുമായി കഴിഞ്ഞ കുറെ നാളുകളായി അസ്വാരസ്യത്തിലാണ് പത്മജ.
ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുന്നതിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇനിയും ഒരുപാട് പേര്‍ ബി ജെ പിയിലേക്ക് എത്തും എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന വനിതാ നേതാവായ ബിന്ദുകൃഷ്ണ അടക്കമുള്ളവരെ പരോക്ഷമായി സൂചിപ്പിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.
പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേരുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഭയന്നാണ് എന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുകൃഷ്ണ അടക്കം അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ പലരും ബി ജെ പിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണ് എന്ന് പറഞ്ഞ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഈ പറയുന്ന വലിയ ആവേശം പറയുന്നവരൊക്കെ ഇതിന് മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണ്.
അതേക്കുറിച്ചൊന്നും തന്റെ മാന്യത മൂലം പറയുന്നില്ല,' എന്നായിരുന്നു സുരേന്ദ്രന്‍ ബിന്ദുകൃഷ്ണയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ പത്മജക്ക് പിന്നാലെ ബിന്ദുകൃഷ്ണയും ബി ജെ പിയില്‍ എത്തിയേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് കൊണ്ട് ബിന്ദുകൃഷ്ണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സുരേന്ദ്രന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു കണികപോലും സത്യമില്ലെന്നാണ് ബിന്ദു പറഞ്ഞത്. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു അവരുടെ പ്രതികരണം. രാഷ്ട്രീയമായി ഇന്നേവരെ മറ്റൊരു പാര്‍ട്ടിയിലേക്ക് ഒരു നേതാവും ക്ഷണിച്ചിട്ടില്ലെന്നും ഇത്തരമൊരു ചര്‍ച്ച നടത്താനുള്ള അവസരം താനുണ്ടാക്കിയിട്ടുമില്ല എന്നാണ് ബിന്ദുകൃഷ്ണ പറഞ്ഞത്. നാളെ ഇത്തരമൊരു ചര്‍ച്ച നടത്തുകയുമില്ല എന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരെ മുഴുവന്‍ ബി ജെ പിയിലേക്കാത്തിക്കാമെന്ന് കരുതി ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ അത് മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണ്. പത്മജ കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിക്കേറ്റ തിരിച്ചടി എന്നതിനേക്കാള്‍ അവര്‍ അത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നതാണ് പ്രധാനമെന്നും ബിന്ദു വ്യക്തമാക്കി. കേരളത്തിന്റെ മതേതര മുഖത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്ന കരുണാകരന്‍ എക്കാലത്തും എതിര്‍ത്തിരുന്ന ഒരു രാഷ്ട്രീയ ആശയത്തിലേക്കാണ് മകള്‍ പോകുന്നത് എന്നും ബിന്ദു ചൂണ്ടിക്കാട്ടി
പദവികള്‍ക്കപ്പുറം ലീഡറുടെ മകള്‍ എന്ന നിലയില്‍ താന്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍കത്തരും പത്മജയെ ബഹുമാനിച്ചിരുന്നു എന്നും പ്രത്യക്ഷമായി അവര്‍ കോണ്‍ഗ്രസ് വിടേണ്ട ഒരു കാര്യവുമില്ലായിരുന്നു എന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. ബി ജെ പി നേതാക്കള്‍ എവിടെ നിന്നെങ്കിലും ആരെയെങ്കിലും കിട്ടുമോ എന്ന് പരീക്ഷണം നടത്തുകയാണ് എന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications