വെറുതേയല്ല എഐ ക്യാമറ; അപകട മരണങ്ങൾ കുറഞ്ഞതായി വിലയിരുത്തൽ; കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നതിനായി എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അപകടമരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. അപകടങ്ങളിൽ പ്രതിദിനം 12 പേരാണ് മരിച്ചിരുന്നതെങ്കിൽ ഇപ്പോൾ എട്ടായി കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്.
ജൂൺ അഞ്ച് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയത്. ഇന്നലെ വരെയുള്ള അപകടങ്ങളാണ് വിലയിരുത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4,317 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 43,910 അപകടങ്ങളിൽ 49,307പേർക്ക് പരിക്കുപറ്റി. നിലവിലെ വിലയിരുത്തൽ പ്രകാരം റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്.

അഞ്ചാം തീയതി രാവിലെ എട്ട് മണിക്കാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് 63,849 നിയമലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി 1,21,681 നിയമലംഘനങ്ങൾ പിടികൂടി, എഴാം തീയതി 87,675 നിയമലംഘനങ്ങൾ പിടികൂടി, എട്ടാം തീയതി 79,525 നിയമലംഘനങ്ങൾ പിടികൂടി. ട്രാഫിക് നിയമം ലംഘിച്ചവർക്ക് ചലാനുകൾ ലഭിച്ചുതുടങ്ങുന്നതോടെ ഒരു മാസം കൊണ്ട് നിയമലംഘനങ്ങൾ വലയി രീതിയിൽ കുറയുമെന്നാണ് അധികൃതർ പറയുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചലാനുകൾ ആണ് ലഭിക്കുക. മോട്ടർവാഹന നിയമം അനുസരിച്ച് ഡ്രൈവറും മുന്നിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിക്കണം. ഹെൽമറ്റ് ധരിക്കാതെ രണ്ടു പേർ യാത്ര ചെയ്താൽ 500 രൂപ വീതം ആണ് അടയ്ക്കേണ്ട. രണ്ട് ചലാനുകൾ ആണ് വാഹനത്തിന്റെ ഉടമയുടെ പേരിൽ ലഭിക്കുക.
സേഫ്കേരള പദ്ധതി പ്രകാരം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. 24 മണിക്കൂറും ക്യാമറ പ്രവർത്തിക്കും. പിഴ അടക്കാനുള്ള നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ ആണ് പിഴ അടക്കേണ്ടത്. അതേസമയം, അപ്പീൽ നൽകാൻ സാധിക്കും അപ്പീൽ നൽകാൻ 14 ദിവസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. നിങ്ങൾ നിരപരാധിയാണെങ്കിൽ എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനത്തിന് ചുമത്തിയ പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണ്.
അതേസമയം, ഹെവി വാഹനങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും കാബിനിൽ ഇരിക്കുന്ന ആളുകൾക്കും ആണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുക. ബസുകളിൽ ഡ്രൈവർമാർക്കും ഡ്രൈവറിന്റെ സീറ്റിന് നേരെ ഘടിപ്പിച്ച സീറ്റിൽ ഇരിക്കുന്ന ആൾക്കും ആണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത്.












Click it and Unblock the Notifications