നിരീക്ഷണം മാത്രമല്ല ഇനി മുതൽ പിഴയും; സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി. രാവിലെ 8 മണി മുതലാണ് ക്യാമറകൾ പ്രവർത്തനം തുടങ്ങിയത്. ഇതോടെ നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ കൃത്യമായി പിഴ ഈടാക്കി തുടങ്ങും. പിഴ നോട്ടീസ് തപാൽ വഴിയാണ് വീട്ടിലെത്തുക.
692 ക്യാമകറകളാണ് നിലവിൽ സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിംഗ് എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ഈടാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ-യ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഒരുക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജൂൺ രണ്ടിന് 2,42,746 റോഡ് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷ്യൻ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറുകയാണെന്നും മന്ത്രി വ്യക്തമാക്കി. സുതാര്യവും, മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെ 34 ക്യാമറ സിസ്റ്റം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പ്രതിവർഷം നാൽപ്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ കേരളത്തിൽ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനം കൂടിയാണ് കേരള. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications