ആ വാർത്ത നെഞ്ചുലച്ചുകളഞ്ഞു: നടപടിയെടുക്കാന്‍ ഇനിയും എത്ര ആത്മഹത്യകള്‍ വേണമെന്ന് കെസി വേണുഗോപാല്‍
തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കടമക്കുടിയിലെ കുടുംബത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.അതിദാരുണമായ വാർത്ത കേട്ട് ഓരോ ദിവസവും ജീവിക്കേണ്ടി വരുന്നുവെന്നതു കേരളത്തിനു തന്നെ അപമാനകരമാണ്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം നെഞ്ചുലച്ചുകളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായതിനെത്തുടര്‍ന്ന് ജീവിതം തകർന്നു പോയ എറണാകുളം കടമക്കുടിയിലെ ആ കുടുംബത്തിന്റെ വാർത്ത കേട്ടു മനുഷ്യരായ എല്ലാവരുടെയും ഹൃദയം വേദനിച്ചിരിക്കും. രണ്ട് പിഞ്ചോമനകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ആ ദമ്പതികള്‍ക്ക് തോന്നണമെങ്കില്‍, അത്രത്തോളം മാനസികപീഡനം അവർ അനുഭവിച്ചിരിക്കും.

മരിച്ച യുവതി ഓൺലൈൻ വായ്പാ ആപ്പിൽനിന്ന് പണം വായ്പയെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകാർ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണി സന്ദേശങ്ങൾ അയച്ചതായുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഈ അനുഭവവും അതിനെത്തുടർന്നുണ്ടായ ദുരന്തവും സര്‍ക്കാരും പൊലീസും ഗൗരവത്തിലെടുക്കണം. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്. ആപ്പുകള്‍ വഴി വായ്പ നല്‍കിയ ശേഷം നടത്തുന്ന ഭീഷണിപ്പെടുത്തലുകളെക്കുറിച്ചു ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണമെന്നും കെസി വേണുഗോപാല്‍ പറയുന്നു.
100 മുതൽ 200 ശതമാനം വരെ പലിശയ്ക്കു നൽകുന്ന ഇത്തരം വായ്പകളെക്കുറിച്ചു മുൻപും വാർത്തകൾ വന്നിരുന്നു. അതാത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഉപഭോക്താക്കളുടെ കോൺടാക്ട് വിവരങ്ങളും ഫോട്ടോകളും അവർക്കു ലഭിക്കും. പണം തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടിയല്ല, മറിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു ഭീഷണിപ്പെടുത്തലാണ് ഇവരുടെ രീതി.
എന്നാൽ സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ ഫലപ്രദമായി തടയാനോ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനോ പൊലീസിനു സാധിക്കുന്നില്ല. 2023-ൽ മാത്രം കേരളാ പൊലീസിനു ലഭിച്ചത് ഇത്തരത്തിൽ 1440 പരാതികളാണ്. ഇതിൽ 10 ശതമാനത്തിനു മുകളിലാവട്ടെ, സൈബർ കുറ്റകൃത്യങ്ങളും. എന്നാൽ കേരളത്തിന്റെ സൈബർ പൊലീസ് ഇതിൽ നിശബ്ദരാണ്. ഇപ്പോഴും നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.
അതേസമയം ഇത്തരം ആപ്പുകളുടെ പ്രവർത്തനം തടയുന്നതിനു നിയമനിർമാണം ആവശ്യമെങ്കിൽ അതും ചെയ്യാമെന്ന് ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി വീമ്പു പറഞ്ഞതാണ്. അതിനു ശേഷം മാസങ്ങൾക്കുള്ളിലാണ് ഒരു കുടുംബം തന്നെ അവരുടെ ജീവൻ സ്വയം അപായപ്പെടുത്തുന്നതിലേക്കു കാര്യങ്ങൾ എത്തിയത്. ഇനിയുമെത്ര ജീവനുകൾ പൊലിയണം, നിയമനിർമാണത്തിന് എന്നു മുഖ്യമന്ത്രി മറുപടി പറയണം.
അതേസമയം റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന അറുന്നൂറിലധികം വായ്‌പാ ആപ്പുകളാണ് റിസർവ് ബാങ്ക് തന്നെ 2021-ൽ കണ്ടെത്തിയത്. രണ്ടുവർഷം പിന്നിട്ടിട്ടും ഇവയ്‌ക്കെതിരെ നടപടിയില്ല. കരുത്തുറ്റ പൊലീസിങ് സംവിധാനമുള്ള ഇന്ത്യയിൽ ആ സംവിധാനം ഉപയോഗപ്പെടുത്താതെ ഇത്തരം ചൈനീസ് ആപ്പുകൾക്കു സർവ സ്വാതന്ത്ര്യവും കൊടുക്കുന്ന കേന്ദ്ര ഭരണകൂടവും ജനങ്ങളെ കൊല്ലാൻ അവർക്കു കാത്തുനിൽക്കുകയാണ്. പാർലമെന്റിൽ അടക്കം ഈ വിഷയങ്ങൾ കോൺഗ്രസ് ഉയർത്തിക്കാണിക്കും. ശക്തമായ നിയമനിർമാണം ഇതിൽ ആവശ്യമാണ്. അതിനുവേണ്ടി കോൺഗ്രസ് അഹോരാത്രം പ്രവർത്തിക്കും എന്നുകൂടി ഉറപ്പു നൽകുന്നു.
എന്നാൽ കടമക്കുടി ദുരന്തത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സൈബര്‍ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുന്ന തരത്തില്‍ പൊലീസിനെ ആധുനികവത്ക്കരിക്കാനും പൊലീസിങ് സംവിധാനത്തെ ഉപയോഗപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇനിയും മനുഷ്യർ മരിച്ചുവീഴാൻ കാത്തുനിൽക്കരുത്.












Click it and Unblock the Notifications