പ്രവാസികളോട് എന്തിന് ഈ ക്രൂരത: ഇന്നും സർവ്വീസ് മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്, ഇന്നും പ്രതിഷേധം ശക്തം
കോഴിക്കോട്: ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കുന്നു. കൊച്ചി, കരിപ്പൂർ, എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കായിരിക്കുന്നത്. കണ്ണൂരില്‍ നിന്നും 7.45 ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്നും ഇന്നത്തെ അഞ്ച് സർവ്വീസുകളും റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട സർവ്വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരെയെല്ലാം വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. കരിപ്പൂരിൽ നിന്നുള്ള ഒരു സർവ്വീസ് റദ്ദാക്കി. 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ സമരം ഒത്തുതീർപ്പായെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ചയോടെ മാത്രമേ സർവ്വീസുകള്‍ പൂർണ്ണമായ രീതിയിലേക്ക് മടങ്ങിവരികയുള്ളുവെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്. നേരത്തെ റദ്ദായ വിമാനങ്ങളില്‍ യാത്രചെയ്യേണ്ടിയിരുന്നവർക്കാണ് ഇന്നത്തെ മസ്കറ്റ് സർവ്വീസില്‍ ടിക്കറ്റ് നല്‍കിയിരുന്നത്. ഈ വിമാനവും റദ്ദായതായി യാത്രയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അറിയുന്നത്. ഇത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചു.
മുടങ്ങിയ യാത്രക്ക് പകരം മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് അപ്ഡേറ്റ് ചെയ്ത് നല്‍കുമോയെന്ന് അന്വേഷിച്ചെങ്കിലും റീഫണ്ട് നല്‍കാമെന്നാണ് കമ്പനിയുടെ നിലപാടെന്നും യാത്രക്കാർ പറയുന്നു. ഇത് യാത്ര ചിലവ് ഏറെ വർധിപ്പിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മറ്റ് വിമാനകമ്പനികള്‍ വലിയ തോതില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാനും വലിയ പ്രയാസമാണുള്ളത്.
അതേസമയം, കഴിഞ്ഞ നാല് ദിവസത്തിനിടെ മുപ്പതിലധികം സർവ്വീസുകളാണ് കണ്ണൂരില്‍ നിന്ന് മാത്രം മുടങ്ങിയത്. ഇതുമൂലമുണ്ടാകുന്ന വരുമാന നഷ്ടം പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്. കേന്ദ്രം പോയിൻ്റ് ഓഫ് കോൾ പദവി അനുവദിക്കാത്തതിനാൽ കണ്ണൂരിൽ നിന്നും വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നില്ല. എയർ ഇന്ത്യ എക്സ്പ്രസ്സും ഇൻഡിഗോയുടെ ഒരു സർവ്വീസും മാത്രമാണ് കണ്ണൂരില്‍ നിന്നുമുള്ളത്.
ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തി തുടങ്ങിയെങ്കിലും ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കാരണം പലർക്കും സർവ്വീസിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലായിരുന്നു കഴിഞ്ഞ ദിവസം സമരം റദ്ദായത്. ധാരണപ്രകാരം 30 ജീവനക്കാരെ പിരിച്ചുവിട്ടതും റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications