Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവെച്ച് അജിത തങ്കപ്പന്‍: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണം വീണു, ഇനി വരും 'വിമത' ഭരണം

കൊച്ചി: തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ രാജിവെച്ചു. ഉച്ചയോടെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതോടെ നഗരസഭയിലെ കഴിഞ്ഞ രണ്ടര വർഷത്തെ യുഡിഎഫ് ഭരണത്തിന് വിരാമമായി. സ്വതന്ത്ര അംഗങ്ങള്‍ എല്‍ഡിഎഫ് പിന്തുണയോടെ അവിശ്വാസ പ്രമേയം സമർപ്പിച്ച സാഹചര്യത്തില്‍ യുഡിഎഫ് ചെയർപേഴ്സണ്‍ രാജിക്ക് നിർബന്ധിതതയാവുകയായിരുന്നു.

രണ്ടരവർഷം യുഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര കൗൺസിലർമാർ പിന്തുണ പിൻവലിച്ച് എൽഡിഎഫ് പിന്തുണയോടെ ശനിയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മറ്റൊരു സ്വതന്ത്ര അംഗമായ മനൂപ് തുടക്കം മുതല്‍ തന്നെ ഇടത് പാളയത്തിലാണ്. ഇതോടെ യുഡിഎഫിന് നഗരസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് ഉറപ്പായി. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ദിവസം വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയും രാജിവയ്ക്കുമെന്നാണ് വിവരം. ചെയർപേഴ്സണ് പിന്നാലെ വൈസ് ചെയർമാനും രാജിവെക്കുകയാണെങ്കില്‍ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും നഗരസഭയിൽ ഉണ്ടാകില്ല.

 thrikkakra-

2020 ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അഞ്ച് യുഡിഎഫ് വിമതരായിരുന്നു വിജയിച്ചത്. ഇവരില്‍ നാലുപേരെ കൂടേകൂട്ടി അന്ന് യുഡിഎഫ് ഭരണം പിടിച്ചു. ഒരാള്‍ എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ യുഡിഎഫ് മുന്നണിയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത ഇടതുപക്ഷം നാല് വിമതരേക്കൂടി തങ്ങളുടെ ചേരിയില്‍ എത്തിക്കുകയായിരുന്നു. യുഡിഎഫ് വിമതരിൽ ഒരാളെ അധ്യക്ഷനാക്കാമെന്ന് എൽഡിഎഫ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് വിമതർ തന്നെ വ്യക്തമാക്കുന്നു. ഉപാധ്യക്ഷ സ്ഥാനവും വിമതർക്ക് ലഭിച്ചേക്കും. ഫലത്തില്‍ യുഡിഎഫ് വിമതരുടെ ഭരണത്തെ എല്‍ഡിഎഫ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയാവും ചെയ്യുക. യുഡിഎഫ് ചേരിയില്‍ നിന്നും നാലു പേർ കൂടി വന്നതോടെ 43 അംഗ നഗരസഭാ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 22 പേരുടെ പിന്തുണയായി.

കോണ്‍ഗ്രസിലെ തമ്മില്‍ അടിയാണ് നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാക്കിയത്. നഗരസഭ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനുള്ളില്‍ തർക്കം ഉടലെടുത്തത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ കാലാവധി രണ്ടര വർഷം പിന്നിട്ടതോടെ അവസാനിച്ചിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു നഗരസഭയിലെ അധ്യക്ഷ സ്ഥാനം വീതം വെച്ചത്. ആദ്യ രണ്ടര വർഷം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും അവസാനത്തെ രണ്ടര വർഷം എ ഗ്രൂപ്പിലെ രാധാമണി പിള്ളയ്ക്കും അധ്യക്ഷ സ്ഥാനം എന്ന നിലയിലായിരുന്നു ധാരണ. എന്നാല്‍ രണ്ടര വർഷം കഴിഞ്ഞിട്ടും അജിത തങ്കപ്പന്‍ പദവി രാജിവെക്കാന്‍ തയ്യാറാവാതിരുന്നതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും അഭിപ്രായഭിന്നത രൂപപ്പെട്ടു. ഇത് മുതലെടുത്താണ് എല്‍ഡിഎഫ് സ്വതന്ത്ര അംഗങ്ങളെ തങ്ങളോടൊപ്പം നിർത്തി ഭരണം പിടിക്കാന്‍ തീരുമാനിച്ചത്.

നഗരസഭ അധ്യക്ഷ പദവി ഗ്രൂപ്പ് വീതംവെയ്പ്പാണെന്ന് തുടക്കത്തില്‍ തന്നെ അറിഞ്ഞിരുന്നെങ്കില്‍ യുഡിഎഫിന് പിന്തുണ നല്‍കില്ലായിരുന്നുവെന്നാണ് വിമതർ വ്യക്തമാക്കുന്നത്. കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം മൂലം ഭരണം പോലും ഇഴയുകയാണ്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടര വർഷക്കാലം കോണ്‍ഗ്രസിനെ പിന്തുണച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അതിനാലണ് ഇടതുമുന്നണിയോടൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും വിമതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+