കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ 70കളിലെ രാഷ്ട്രീയ കുടിപ്പകയിലേയ്‌ക്കോ..? ആശങ്ക പങ്കുവച്ച് ആന്റണി

രാഷ്ട്രീയ കൊലപാതകങ്ങളിലെ നഷ്ടവും വേദനയും അവരുടെ കുടുംബങ്ങള്‍ക്കു മാത്രമാണ്. അതുകൊണ്ടാണ് കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കാത്തത്.

  • By ആ ആലം
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ കുടിപ്പക ഭീകരതാണ്ഡവമാടിയ 70കളിലേയ്ക്കാണ് കണ്ണൂര്‍ തിരിഞ്ഞു നടക്കുന്നതെന്ന് എകെ ആന്റണി. പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ നേതൃത്വം ഇടപെടണമെന്നും എന്നാല്‍ അടുത്തൊന്നും അവര്‍ ആ നിലയ്ക്കു ചിന്തിക്കുന്ന ലക്ഷണമില്ലെന്നും ആന്റണി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളിലെ നഷ്ടവും വേദനയും അവരുടെ കുടുംബങ്ങള്‍ക്കു മാത്രമാണ്. അതുകൊണ്ടാണ് കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കാത്തത്. നഷ്ടം പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമാണെങ്കില്‍ അവര്‍ മുന്‍കൈയെടുത്ത് സമാധാനം കൊണ്ടുവന്നേനെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎമ്മോ ബിജെപിയോ ഇതിന് മുതിരുന്നില്ല എന്നതാണ് വാസ്തവമെന്നും എകെ ആന്റണി പറഞ്ഞു.

AK Antony

കേന്ദ്രത്തില്‍ ഭരണമുണ്ടെന്ന ഹുങ്കാണ് ബിജെപിക്ക്. സംസ്ഥാന ഭരണമുണ്ടെന്ന അഹങ്കാരം സിപിഎമ്മിനും. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, സ്വന്തക്കാര്‍ക്കിടയില്‍നിന്നുപോലും കടുത്ത എതിര്‍പ്പുണ്ടായിട്ടും പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു. അതോടെ അക്രമങ്ങള്‍ നിയന്ത്രിക്കാനായി. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനൊരു സാധ്യത കാണുന്നില്ലെന്നും ആന്റണി പറഞ്ഞു.

മുന്‍പൊരു സര്‍ക്കാരിനും സംഭവിക്കാത്തവിധം നാലര മാസംകൊണ്ട് നിറംമങ്ങിയിരിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് പരാതിപ്പെടുന്നത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെയാണ്. നിരന്തരമായ സമരങ്ങള്‍ യുഡിഎഫിന്റെ രീതിയല്ല. എന്നിട്ടും യുഡിഎഫ് കൊണ്ടുവന്ന വിഷയങ്ങള്‍ സര്‍ക്കാരിനെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തി, അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസിലെ എല്ലാ കാര്യങ്ങള്‍ക്കും ഗ്രൂപ്പിസം ആരോപിക്കുന്നത് ശരിയല്ല. നേതാക്കള്‍ ഉണ്ടാവുമ്പോള്‍ ഗ്രൂപ്പുകളും ഉണ്ടാവും. മറ്റേതൊരു പാര്‍ട്ടിയെക്കാളും കൂടുതല്‍ ജനകീയരായ നേതാക്കള്‍ ഉള്ളത് കോണ്‍ഗ്രസിലാണ്. കെഎസ് യുവിന് ക്യാംപസില്‍ സ്വാധീനം നഷ്ടപ്പെട്ടു എന്നു പറയുന്നത് ശരയില്ല. എസ്എഫ്‌ഐയും പഴയ എസ്എഫ്‌ഐ അല്ല. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ മത-ജാതി സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് വഴി മാറിക്കൊടുക്കാത്ത പ്രശ്‌നമൊന്നുമില്ല. 1970ല്‍ ആദ്യമായി എംഎല്‍എ ആയ ശേഷം 77ല്‍ വഴിമാറിക്കൊടുത്തയാളാണ് താന്‍. ഇപ്പോള്‍ രാജ്യസഭാ എംപിയാണ്. അത് രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. വഴി മാറിയാല്‍ നിയമസഭയിലെ അംഗബലംവച്ച് ഇടത് എംപിയായിരിക്കും തിരഞ്ഞെടുക്കപ്പെടുക. സിപിഎമ്മിന് അവസരം നല്‍കി രാജിവയ്ക്കാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല.

സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണ് സ്വാശ്രയ മാനെജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സാധിക്കാത്തത്. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ കൊണ്ടുവന്നത് താനാണ്. അന്ന് രണ്ട് സ്വാശ്രയ കോളെജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു സമവാക്യം. ഇതിന്റെ ഗുണം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. നിലവിലെ സര്‍ക്കാര്‍ സീറ്റുകള്‍ ഒന്നുപോലും കുറയ്ക്കാതെയാണ് പുതിയ കോളേജുകള്‍ ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ കൂടുതല്‍ സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിച്ചു. സ്വാശ്രയ കോളെജുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് അന്യസംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. അവര്‍ ഫീസ് കുറയ്‌ക്കേണ്ടിവന്നു. പുറത്തുപോയി പഠിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഇവിടെത്തന്നെ പഠിക്കാന്‍ അവസരമുണ്ടായി. അതുകൊണ്ട് സ്വാശ്രയ കോളേജ് തുടങ്ങാനുള്ള തീരുമാനം തെറ്റാണെന്ന് ഒരിക്കലും കരുതുന്നില്ല. മറിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം സൃഷ്ടിക്കുകയാണ് ചെയ്തത്.

ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ പിടിക്കപ്പെട്ടത് ഏതാനും പേര്‍ മാത്രമാണ്. മുഖ്യധാരാ സംഘടനകളെല്ലാംതന്നെ ഐഎസിന് എതിരാണ്. അവര്‍ എഐസിനെതിരെ വ്യാപകമായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. മുത്തലാഖ് വിഷയം ബിജെപി ഉയര്‍ത്തുന്നത് ഏതായാലും നല്ലതിനല്ല. മുത്തലാഖില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ സമുദായം തന്നെ തിരുത്തട്ടെയെന്നും എകെ ആന്റണി പറഞ്ഞു.

English summary
AK Antony against CPM and BJP on Kannur political Murders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X