'മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും'; സിപിഎം ജില്ലാ സമ്മേളനത്തിൽ എകെ ബാലന് രൂക്ഷവിമർശനം
പാലക്കാട്: സി പി എം ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എകെ ബാലന് രൂക്ഷവിമർശനം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തെ ബാലന്റെ നിലപാടുകളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. സന്ദീപ് വാര്യർ ബി ജെ പി വിട്ടേക്കുമെന്ന വാർത്തകൾക്ക് പിന്നാലെ എടുത്ത് ചാടി ബാലൻ പ്രതികരിച്ചുവെന്നടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്.
സന്ദീപ് വാര്യർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന നിലപാടായിരുന്നു എകെ ബാലൻ പങ്കുവെച്ചത്. 'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന് ബാലൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങളെല്ലാം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായിപ്പോയെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും നേതാക്കൾ പറഞ്ഞു.

നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു എകെ ബാലന്റെ വിവാദ പരാമർശം. ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണം. പാർട്ടിക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുക എന്നായിരുന്നു ബാലന്റെ പരാമർശം.
അതേസമയം എലപ്പുള്ളിയിലെ ബ്രൂവറി അനുമതി നൽകിയത് സംബന്ധിച്ചും സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകാവൂവെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ബ്രൂവറി അനുമതിയിൽ വിമർശനം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ജലദൗര്‍ലഭ്യം നേരിടുന്ന പാലക്കാട് ടെണ്ടര്‍ പോലും വിളിക്കാതെ ഡിസ്റ്റിലറിക്കു അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയാണ്. ഈ സര്‍ക്കാരിന്റെ ഡിഎന്‍എയില്‍ പോലും അഴിമതിയുണ്ടെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മദ്യം സിപിഎം ഒരു ഫണ്ടിങ് പ്രോജക്ട് ആയിട്ടാണ് കാണുന്നത്. 2018 ല്‍ ഡിസ്റ്റിലറികള്‍ക്കും ബ്രുവറികള്‍ക്കും അനുമതി നല്‍കാന്‍ പിണറായി ശ്രമം നടത്തിയതായിരുന്നു. അദ്ദേഹത്തിനു താല്‍പര്യമുള്ള കമ്പനികളെയാണ് അന്ന് തെരഞ്ഞെടുത്തത്. പ്രതിപക്ഷം അന്നുയര്‍ത്തിയ കനത്ത എതിര്‍പ്പിനെതുടര്‍ന്ന് സര്‍ക്കാര്‍ കണ്ടം വഴി ഓടിയതാണ്. ഇപ്പോള്‍ മന്ത്രിസഭാ തീരുമാനം വഴി പിന്‍വാതിലിലൂടെ ഒയാസിസ് എന്ന കമ്പനിയെ തിരുകിയക്കയറ്റാന്‍ ആണ് ശ്രമം. ഈ കുപ്രസിദ്ധ കമ്പനിയെ എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത് എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. 2018 ല്‍ ഡിസ്റ്റിലറി വിഷയത്തില്‍ പ്രതിപക്ഷം അഴിമതി ആരോപണം കൊണ്ടുവന്നപ്പോള്‍ നനയാതെ വിഴുപ്പു ചുമക്കുന്നു എന്നായിരുന്നു പിണറായിയുടെ മറുപടി. ഇപ്പോള്‍ നനഞ്ഞുകൊണ്ടാണോ മിസ്റ്റര്‍ പിണറായി നിങ്ങള്‍ വിഴുപ്പു ചുമക്കുന്നത്.. ഉത്തരം വേണം. കാരണം ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications