സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ കോമ്രേഡ് ആകും; മുന്‍പ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്ന് ബാലന്‍
പാലക്കാട്: ബി ജെ പിയോട് ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് വീണ്ടും ക്ഷണിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ കോമ്രേഡ് ആകുമെന്ന് എ കെ ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്ദീപ് മുന്‍പ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേയും സന്ദീപിനെ ബാലന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു.
'കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഭരണം കിട്ടുമോ. ഓരോ കാലത്ത് ഓരോരുത്തരെ കിട്ടും. സന്ദീപ് വാര്യര്‍ കറകളഞ്ഞ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും,' എ കെ ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിലും ബിജെപിയിലും കുറച്ചു കൂടി പൊട്ടിത്തെറികളുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാര്‍ സി പി എം ഓഫീസില്‍ ക്യൂ നില്‍ക്കുകയാണെന്നും ബാലന്‍ അവകാശപ്പെട്ടു.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുമായി തങ്ങള്‍ സഹകരിച്ചിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങള്‍. അദ്ദേഹം പോലും ഞങ്ങള്‍ക്ക് ഒപ്പം വന്നു. എ കെ ആന്റണി എകെജി സെന്ററില്‍ വന്ന് കൂടെയിരുന്ന് ഭരിച്ചിട്ടുണ്ട്. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഎം വോട്ട് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിനെ കൂടെ കൂട്ടിയതും നരസിംഹ റാവു തങ്ങളുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ചതുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ് എന്നും സീറ്റ് കിട്ടാത്തതല്ല സരിന്റെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. അരിവാള്‍ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സന്ദീപ് വാര്യര്‍ വിഷയത്തില്‍ അല്‍പം കൂടി കാത്തുനില്‍ക്കാം എന്നാണ് സിപിഎം നിലപാട്. ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തിരുന്നു. സരിനെ പോലെ ഇടത് നിലപാടിന് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ സന്ദീപിനെ ഒപ്പം കൂട്ടും എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഇന്ന് പറഞ്ഞത്.
'സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. എന്നാല്‍ ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കും. സരിനെ പോലെ അല്ല സന്ദീപ്. സരിന്‍ എല്‍ഡിഎഫ് നയം അംഗീകരിച്ച് വന്നതാണ്. എല്‍ഡിഎഫ് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും,' ടിപി രാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications