കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ സീറ്റിന് പകരം മാണി സി കാപ്പന് ഓഫർ, കാപ്പനെ ഇടത് മുന്നണിയിൽ നിർത്താൻ കരുനീക്കി എകെ ശശീന്ദ്രൻ

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഉടക്കി നില്‍ക്കുന്ന മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ എന്‍സിപിക്കുളളില്‍ നിന്ന് തന്നെ ശ്രമം. പാലാ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് ഇടപെട്ടിട്ടും മാണി സി കാപ്പന്‍ അയയാന്‍ തയ്യാറായിരുന്നില്ല.

പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ഇടത് മുന്നണിയില്‍ തുടരാനാകില്ലെന്നാണ് കാപ്പന്റെ നിലപാട്. അതേസമയം മാണി സി കാപ്പന് പാലായ്ക്ക് പകരം മറ്റൊരു ഓഫര്‍ നല്‍കി ഇടതുമുന്നണിയില്‍ തന്നെ നിലനിര്‍ത്താനാണ് മന്ത്രി എകെ ശശീന്ദ്രന്റെ ശ്രമം. വിശദാംശങ്ങള്‍ ഇങ്ങനെ..

പാലാ ജോസിനെന്ന്

പാലാ ജോസിനെന്ന്

അടുത്തിടെ ഇടത് മുന്നണിയില്‍ എത്തിയ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് പാലാ സീറ്റ് നല്‍കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള തയ്യാറെടുപ്പിലുമാണ്. മാണി സി കാപ്പന്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് സിപിഎം കാര്യമാക്കുന്നില്ല. എന്‍സിപിയിലെ ഒരു വിഭാഗം മാത്രമേ കാപ്പനൊപ്പം മുന്നണി വിടാന്‍ സാധ്യതയുളളൂ എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

മുന്നണി വിടാനില്ല

മുന്നണി വിടാനില്ല

എന്ത് സംഭവിച്ചാലും ഇടത് മുന്നണിയില്‍ തന്നെ തുടരാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം. മുന്നണി വിടാനാണ് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നത് എങ്കില്‍ പോലും ശശീന്ദ്രന്‍ വിഭാഗം അനുസരിച്ചേക്കില്ല. കഴിഞ്ഞ ദിവസം മന്ത്രി എകെ ശശീന്ദ്രന്റെ വീട്ടില്‍ നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

പവാർ കേരളത്തിലേക്ക്

പവാർ കേരളത്തിലേക്ക്

പാലാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാത്ത ഈ ഘട്ടത്തില്‍ കടുത്ത നിലപാടിലേക്ക് പോകരുത് എന്നാണ് ശശീന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഈ മാസം 23ന് കേരളത്തില്‍ എത്തുന്നുണ്ട്.

യുഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരം

യുഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരം

ഇരുപക്ഷത്തേയും നേതാക്കളുമായി പവാര്‍ ചര്‍ച്ച നടത്തും. നിലവില്‍ സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെന്നും ഈ ഘട്ടത്തില്‍ മുന്നണി വിട്ട് യുഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരമാവും എന്നും ശശീന്ദ്രന്‍ പക്ഷം ശരദ് പവാറിനെ അറിയിക്കും. പാലാ അടക്കം തങ്ങളുടെ പക്കലുളള നാല് സീറ്റുകളും ഇക്കുറിയും വേണം എന്നാണ് എന്‍സിപിയുടെ നിലപാട്.

പാലാക്ക് പകരം ഓഫർ

പാലാക്ക് പകരം ഓഫർ

പാലാ ഇല്ലെങ്കില്‍ ഇടത് മുന്നണിയില്‍ തുടരില്ലെന്ന കടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍. മുന്നണി വിടാന്‍ താല്‍പര്യം ഇല്ലാത്ത എകെ ശശീന്ദ്രന്‍ തന്നെ കാപ്പനെ അനുനയിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പാലാ സീറ്റിന് പകരം എന്‍സിപിയുടെ പക്കലുളള കുട്ടനാട് സീറ്റ് കാപ്പന് നല്‍കാം എന്നാണ് ശശീന്ദ്രന്റെ വാഗ്ദാനം.

കാപ്പനുമായി ചർച്ച

കാപ്പനുമായി ചർച്ച

എകെ ശശീന്ദ്രന്‍ ഫോണില്‍ മാണി സി കാപ്പനുമായി ഇക്കാര്യം സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും സിപിഎം തിരിച്ചെടുക്കുകയാണ് എങ്കില്‍ കാപ്പന്‍ കുട്ടനാട് സീറ്റ് പകരം ഉറപ്പാക്കാമെന്ന് ശശീന്ദ്രന്‍ വാഗ്ദാനം നല്‍കി. എന്നാല്‍ പാലാ സീറ്റിന് പകരം കുട്ടനാട് എന്നുളള ഓഫറിന് മാണി സി കാപ്പന്‍ പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് വിവരം.

ഒത്തുതീര്‍പ്പിന് തയ്യാറല്ല

ഒത്തുതീര്‍പ്പിന് തയ്യാറല്ല

എന്ത് വന്നാലും പാലാ വിട്ട് കൊടുത്ത് കൊണ്ടുളള ഒരു ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്നാണ് കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്തരിച്ച തോമസ് ചാണ്ടിയുടെ സീറ്റാണ് കുട്ടനാട്. ഇവിടെ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കാന്‍ എന്‍സിപി ആലോചിച്ചിരുന്നു. ഈ സീറ്റ് കാപ്പന് കൊടുക്കുകയാണ് എങ്കില്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെ ശശീന്ദ്രന് എതിര്‍പ്പ് നേരിടേണ്ടി വരും.

പാർട്ടിയെ ഒപ്പം നിർത്താൻ

പാർട്ടിയെ ഒപ്പം നിർത്താൻ

ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് കാപ്പനെ അനുനയിപ്പിക്കാനുളള ശ്രമം ശശീന്ദ്രന്‍ നടത്തുന്നത്. യുഡിഎഫിലേക്ക് പോയാൽ സ്വന്തം സീറ്റായ ഏലത്തൂരിൽ ശശീന്ദ്രൻ പരാജയം ഭയക്കുന്നുണ്ട്. ഇടത് മുന്നണി വിടാന്‍ ആണ് ദേശീയ നേതൃത്വം തീരുമാനിക്കുന്നത് എങ്കില്‍ പാര്‍ട്ടിയിലെ പ്രമുഖ വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശശീന്ദ്രന്‍ വിഭാഗവും ടിപി പീതാംബരന്‍ വിഭാഗവും ശ്രമിക്കുക.

English summary
AK Saseendran offered Kuttanad seat to Mani C Kappan instead of Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X