ആലപ്പുഴ ഇരട്ട കൊലപാതകം: പ്രതികൾ കേരളം വിട്ടു; അന്വേഷണം കേരളത്തിന് പുറത്തേക്ക്: എഡിജിപി വിജയ് സാഖറെ
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കേരളം വിട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. മൊബൈൽഫോൺ ഒഴിവാക്കിയാണ് പ്രതികളുടെ സഞ്ചാരമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്.
അതിനിടെ, ജില്ലയിൽ നടന്ന രണ്ടു വധകേസുകളുടെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ ലഭ്യമായ ഉടൻതന്നെ പ്രതികളെ പിടികൂടുമെന്നും വിജയ് സാഖറെ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത ഉദ്യോഗസ്ഥർ കേസന്വേഷണം ഏറ്റെടുത്തിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ അഞ്ചുദിവസം പിന്നിടുമ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ജില്ലയിൽ രണ്ടു വധക്കേസുകൾ നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴും കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പൊലീസിന് ഇനിയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് വാഹനം തരപ്പെടുത്തി നൽകിയവരാണ് അറസ്റ്റിലായ ഭൂരിഭാഗംപേരും. ആലപ്പുഴയിൽ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്.
പ്രതികൾ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നാൽ, പ്രതികളെ ഇനിയും പിടികൂടാൻ കഴിയുന്നില്ലെന്ന് മാത്രം. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കി നൽകിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചേർത്തല സ്വദേശി അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്‍കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായിരുന്നു. അതിനിടെ, രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിൽ കഴിയുകയാണ്.
ഏത് കൊട്ടാരത്തിലെ മഹാറാണിയാണ്; ശ്രീലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നിവരാണ് രണ്‍ജീത് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിങ്ങനെ രണ്ട് പേരാണ് കെ.എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.
എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ ശക്തമായ അന്വേഷണം വേണ്ടിവരും. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. പ്രതികൾക്കായി അന്വേഷണസംഘം കേരളത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.