പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍, പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കര്‍ മുസാഫിറാണ് പിടിയിലായത്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസ് അന്വേഷിക്കുന്ന ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും. മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും അസ്‌കര്‍ മുസാഫിര്‍ പറഞ്ഞു.

കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മതത്തിനും എതിരെയല്ല മുദ്രാവാക്യമെന്നും സംഘപരിവാറിനെതിരെയാണെന്നും അസ്‌കര്‍ മുസാഫിര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ വിരുദ്ധ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും അന്ന് വിവാദമാകാത്തത് ഇപ്പോള്‍ എങ്ങനെ വിവാദമായെന്നും അസ്‌കര്‍ മുസാഫിര്‍ ചോദിച്ചു. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നാണ് അസ്‌കര്‍ മുസാഫിര്‍ പറയുന്നത്.
അതേസമയം പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ടാണ് താന്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് കുട്ടി പറയുന്നത്. മുദ്രാവാക്യം വിളിക്കാന്‍ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?
അതേസമയം മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് ആരോപിക്കുന്നത്. ഇതിനിടെ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴയിലെ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു.
ഡിവിഷന്‍ സെക്രട്ടറിയും പ്രസിഡനറുമാരും ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റാലിയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍
അതേസമയം അറസ്റ്റിലായ അന്‍സാര്‍, പി എ നവാസ് എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചിരുന്നു. മേലില്‍ വിലങ്ങണിയിക്കരുതെന്നും പൊലീസിന് താക്കീത് നല്‍കിയിട്ടുണ്ട്.