Get Updates
Get notified of breaking news, exclusive insights, and must-see stories!

‘സംപൂജ്യരാ’യതെല്ലാം ഇടത് പങ്കാളികൾ, മാണി വിഭാഗമടക്കം ഒമ്പത് പാർട്ടികളുടെ രാഷ്ട്രീയ ഭാവി ഇനിയെന്ത്?

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സഭാപങ്കാളിത്തത്തിൽ വട്ടപ്പൂജ്യമായത് ഒമ്പത് രാഷ്ട്രീയ പാർട്ടികളാണ്. ഇത് ഒമ്പതും ഇടതുമുന്നണിയിലെ ഘടകകക്ഷികൾ ആണെന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് ഇടതുമുന്നണിയിലെ ചെറിയ കക്ഷികള്‍ ദയനീയമായ അവസ്ഥയിലെത്തുന്നത്. ഇതിൽ തന്നെ പൂർണ പരാജയമായത് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണ്.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പുറമേ, ജനതാദൾ സെക്യുലർ (ജെഡിഎസ്), എൻസിപി, ഐഎൻഎൽ, നാഷനൽ സെക്യുലർ കോൺഫറൻസ്, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ആർഎസ്പി (ലെനിനിസ്റ്റ്) എന്നിവയാണ് നിയമസഭയിൽ പ്രാതിനിധ്യമില്ലാതായ ഇടത് പങ്കാളികൾ. ഇവയുടെയെല്ലാം രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുകയാണ്.

mani-group-1

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മാണി വിഭാഗമാണ് ഇത്തവണ വമ്പൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. മത്സരിച്ച 12 സീറ്റിലും തോറ്റത് അവരുടെ നിലനിൽപ്പിനെ വളരെ ദോഷകരമായി ബാധിക്കും. ഭരണ വിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പിൽ അതിന്‍റെ ആഘാതം കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് മാണി വിഭാഗത്തിനാണെന്ന് പറയാം. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നിയിൽ പ്രമോദ് നാരായണൻ, ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ എന്നീ സിറ്റിങ് എംഎൽഎമാർ തോൽവിയറിഞ്ഞു.

കടുത്തുരുത്തി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ എന്നിവിടങ്ങളിലും കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ പരാജയപ്പെട്ടു. കുത്തക മണ്ഡലമായിരുന്ന പാലാ വീണ്ടും കൈവിട്ടത് മാണി വിഭാഗത്തിന്റെ തകർച്ചയുടെ ആക്കം കൂട്ടുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയർന്നുകേട്ട മുന്നണിമാറ്റ വാർത്തകൾ തള്ളി കേരള കോൺഗ്രസിനെ ഇടതുപക്ഷത്തു ചേർത്തുനിർത്തിയ ജോസ് കെ. മാണിയും കൂട്ടരും ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. മുന്നണി വിടാതിരിക്കാൻ ചരടുവലിച്ച റോഷി അഗസ്റ്റിന്‍റെ നടപടിയും കാൽനൂറ്റാണ്ടിന് ശേഷമുള്ള ഇടുക്കിയിലെ തോൽവിയും പാർട്ടിയിൽ കൂടുതൽ ചർച്ചയാകും.

എൻസിപിയിൽനിന്ന് എലത്തൂരിൽ മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, കുട്ടനാട്ടിൽ സിറ്റിങ് എംഎൽഎ തോമസ് കെ. തോമസ്, മലപ്പുറത്ത് കെ.ടി. മുജീബ് റഹ്മാൻ എന്നിവരാണ് പരാജയപ്പെട്ടത്. എൻസിപിക്കുള്ളിൽ തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായ വിഭാഗീയത മൂർഛിച്ചതാണ് സമ്പൂർണ തോൽവിക്ക് കാരണമായത്. ഇനി ഭിന്നതകൾ കൂടുതൽ മറനീക്കി പുറത്തുവരുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും.

ജെഡിഎസിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ചിറ്റൂരിൽ മത്സരിച്ചില്ലെങ്കിലും പകരമെത്തിയ അഡ്വ. വി. മുരുകദാസ് തോറ്റു. 6510 വോട്ടിനാണ് യുഡിഎഫിന്‍റെ സുമേഷ് അച്യുതനോട് മുരുകദാസ് പരാജയപ്പെട്ടത്. അദ്ദേഹത്തിന്‍റെ അപരൻ മുരുകദാസ് നേടിയത് 6984 വോട്ടും. അതായത് വിജയിച്ച യുഡിഎഫ് സ്ഥാനാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാൾ 474 വോട്ടുകള്‍ അധികം നേടാന്‍ മുരുകദാസിന്റെ അപരന് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആയിരുന്നു. അപരന്റെ ചിഹ്നം മാലയും. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തായതും തിരിച്ചടിയായി. എറണാകുളത്ത് സാബു ജോർജും പരാജയപ്പെട്ടു. മറ്റൊരു കക്ഷിയായ നാഷനൽ സെക്യുലർ കോൺഫറൻസ് കുന്ദമംഗലത്ത് മാത്രമാണ് മത്സരിച്ചത്. അവിടെ നാലാം തവണ ജനവിധി തേടിയ പാർട്ടി സ്ഥാപകൻ പി.ടി.എ. റഹീം പരാജയപ്പെട്ടു. ഐഎൻഎൽ മത്സരിച്ച കോഴിക്കോട് സൗത്തിലും പാർട്ടി സ്വതന്ത്രനെ മത്സരിപ്പിച്ച കാസർകോട്ടും പരാജയം തന്നെയായിരുന്ന വിധി. കോഴിക്കോട് സൗത്തിൽ സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ തോറ്റത് കടുത്ത ആഘാതമാണ് പാർട്ടിക്ക് ഏൽപ്പിച്ചിരിക്കുന്നത്.

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി)യിലെ മന്ത്രി കെ.ബി. ഗണേഷ്കുമാറും കണ്ണൂരിൽ കോൺഗ്രസ് (എസ്)ലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും തോറ്റത് ഭരണവിരുദ്ധ വികാരത്തി​ന്റെ നേർക്കാഴ്ചയായി. വർഷങ്ങൾക്കുശേഷം രണ്ടു പാർട്ടികൾക്കും നിയമസഭ പ്രാതിനിധ്യമില്ലാതാകുകയും ചെയ്തു. ആന്‍റണി രാജു കേസിൽ കുടുങ്ങി ഇത്തവണ മത്സരിക്കാത്തതിനാൽ ജനാധിപത്യ കേരള കോൺഗ്രസിനും നിയമസഭ പ്രാതിനിധ്യം നഷ്ടമായി. കുന്നത്തൂരിൽ കാൽനൂറ്റാണ്ട് നീണ്ട ആധിപത്യമാണ് സിറ്റിങ് എംഎൽഎ കോവൂർ കുഞ്ഞുമോന്റെ തോൽവിയോടെ ആർഎസ്പി ലെനിനിസ്റ്റിന് ഇല്ലാതായത്. ഇതോടെ അവർ ചിത്രത്തിൽനിന്ന് പുറത്താകുന്ന ഒമ്പതാമത്തെ പാർട്ടിയുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+