അമിത് ഷായുടെ വിവാദ പ്രസംഗം; കണ്ണന്താനത്തെ തള്ളി മുരളീധരന്‍, തെറ്റിയിട്ടില്ല, വലിച്ചുതാഴെയിടും
തിരുവനന്തപുരം: കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പ്രസംഗിച്ചുവെന്നതായിരുന്നു കഴിഞ്ഞദിവസത്തെ പ്രധാന വാര്‍ത്ത. അമിത് ഷാ പ്രസംഗിച്ചു കേരളം വിട്ടെങ്കിലും ഇവിടെ പ്രശ്‌നം അവസാനിച്ചിട്ടില്ല. അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരധീരന് പറ്റിയ തെറ്റാണെന്നായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. എന്നാല്‍ കണ്ണന്താനത്തെ തള്ളി വി മുരളീധരന്‍ നേരിട്ട് രംഗത്തെത്തി. ഒരു തെറ്റും പറ്റിയിട്ടില്ലെന്നു അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാദ പരിഭാഷ ഇങ്ങനെ
കണ്ണൂര്‍ വിമാനത്താവളത്തിലാണ് അമിത് ഷാ എത്തിയത്. കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിന്റെ പരിഭാഷയാണ് വിവാദമായത്. അയ്യപ്പ ഭക്തന്‍മാരെ പീഡിപ്പിക്കുന്ന സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ് അമിത് ഷായുടെ പ്രസംഗം മുരളീധരന്‍ പരിഭാഷപ്പെടുത്തിയത്.

പരിഭാഷ പിഴച്ചെന്ന് കണ്ണന്താനം
എന്നാല്‍ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പ്രസംഗിച്ചിട്ടില്ലെന്ന് അഭിപ്രായമുയര്‍ന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരണവുമായി രംഗത്തെത്തിയത്. വി മുരളീധരന്‍ പരിഭാഷപ്പെടുത്തിയതിലെ പിഴവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കണ്ണന്താനത്തിനെതിരെ മുരളീധരന്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

അമിത് ഷാ പറഞ്ഞിട്ടില്ല
സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് കണ്ണന്താനം പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും കണ്ണന്താനം തിരുത്തി. തര്‍ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണെന്നും കണ്ണന്താനം പറഞ്ഞു.

വ്യക്തിപരമായ അധിക്ഷേപം
അതേസമയം, അമിത് ഷായെ തടിയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് കണ്ണന്താനം പറഞ്ഞു. തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അദ്ദേഹം ബുദ്ധി ഉപയോഗിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച വ്യക്തിയാണെന്നും കണ്ണന്താനം പറഞ്ഞു.

മറുപടിയില്ലാത്ത ചോദ്യങ്ങള്‍
സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ, കോടതി വിധിക്കെതിരെ പ്രസംഗിച്ച അമിത് ഷാ നടത്തിയത് കോടതി അലക്ഷ്യമല്ലേ എന്നീ ചോദ്യങ്ങളോട് കണ്ണന്താനം പ്രതികരിച്ചില്ല. എന്നാല്‍ കണ്ണന്താനത്തെ തള്ളിയാണ് മുരളീധരന്‍ രംഗത്തുവന്നിരിക്കുന്നത്. കണ്ണന്താനം പരിഭാഷകനല്ലെന്നു മുരളീധരന്‍ തുറന്നടിച്ചു.

തെറ്റു പറ്റിയിട്ടില്ലെന്ന് മുരളീധരന്‍
അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അമിത് ഷാ പറഞ്ഞത് വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുമെന്നല്ല, ജനശക്തിയില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കണ്ണന്താനം പരിഭാഷകനല്ല
പരിഭാഷയില്‍ തെറ്റു പറ്റിയിട്ടില്ല. കണ്ണന്താനം പരിഭാഷകനല്ല. ആ നിലയില്‍ അദ്ദേഹം എക്‌സ്‌പേര്‍ട്ട് അല്ല. ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് പ്രസംഗമെന്ന് ചില കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications