രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജ നടന്നട്ടില്ല; ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം
കണ്ണൂർ: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം ദേവസ്വം. രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയ്ക്ക് ഉള്ളതല്ലെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ദേവസ്വം ബോർഡ് അംഗം ടി ടി മാധവൻ പറഞ്ഞു. ക്ഷേത്രത്തിൽ മൃഗപൂജ ഇല്ല. ക്ഷേത്ര പരിസരത്തും അത്തരം പൂജകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രിയും ആരോപണം തള്ളി രംഗത്തെത്തിയിരുന്നു. അത്തരമൊരു സംഭവം നടക്കാൻ സാധ്യത ഇല്ലാത്തതാണെന്നാണ് മന്ത്രി രാധാകൃഷ്ണൻ പ്രതികരിച്ചത്. 'കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കും', മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ ഭ്രാന്താണ് എന്നായിരുന്നു തളിപ്പറമ്പ് എംഎൽഎയും സി പി എം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ പ്രതികരണം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമെന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രമാണ്. അവിടെ പഴയ ക്ഷേത്രത്തിലുള്ളത് പോലെ ബലിയും ശത്രുസംഹാര പൂജയുമില്ല. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്', ഗോവിന്ദൻ വിമർശിച്ചു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ കേരളത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തിയെന്നായിരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. 'രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് അഘോരികളെ പങ്കെടുപ്പിച്ച് കൊണ്ട് യാഗം നടത്തിയത്. കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ലക്ഷ്യം വെച്ച് എനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗം നടത്തിയത്. യാഗത്തിൻ്റെ പ്രധാന ലക്ഷ്യം ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നതാണ്. ഈ ആചാരത്തെ 'രാജകണ്ടക' 'മരണ മോഹന സ്തംഭന' യാഗങ്ങൾ എന്നാണ് വിളിക്കുന്നത്.ചടങ്ങിൽ പങ്കെടുത്തവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്',എന്നായിരുന്നു മാധ്യമങ്ങളോട് ഡി കെ ശിവകുമാർ പറഞ്ഞത്.
'യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. അവർ ഇനിയും അവരുടെ ശ്രമങ്ങൾ തുടരട്ടെ. ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല. അത് അവരുടെ വിശ്വാസമാണ്, ഞാൻ അത് അവർക്ക് വിട്ടുകൊടുക്കുന്നു. അവർ ആഗ്രഹിക്കുന്നതെന്തും അവർ ശ്രമിക്കട്ടെ. ഇത്തരം ശ്രമങ്ങളിൽ നിന്നെല്ലാം ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ രക്ഷിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications