അധ്യാപകനെ ഏല്‍പ്പിച്ച ഉത്തര കടലാസുകള്‍ കാണാനില്ല, വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരും
കൊച്ചി: എംജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല. ഇവര്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരുമെന്നാണ് സൂചന. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ചതാണ് ഈ ഉത്തരക്കടലാസ്. ഇരുപത് വിദ്യാര്‍ത്ഥികളാണ് ഉത്തര കടലാസ് കാണാതായതോടെ പ്രതിസന്ധിയിലായത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എംജി സര്‍വകലാശാലയില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോള്‍ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് ഫലം മാത്രം പ്രസിദ്ധീകരിച്ചിരുന്നില്ല. സര്‍വകലാശാലയില്‍ ഇവര്‍ അന്വേഷിച്ചപ്പോഴാണ് ഇരുപത് പേരുടെയും ഉത്തര കടലാസ്സ് കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആകെ പേടിച്ച് പോയ വിദ്യാര്‍ത്ഥികള്‍ കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായത്.
അതേസമയം ഉത്തര കടലാസ് നഷ്ടമായത് പോരാത്തത്തിന് കടുത്ത നിലപാടാണ് സര്‍വകലാശാല എടുത്തിരിക്കുന്നത്. വീണ്ടും പരീക്ഷ എഴുതിയാല്‍ മാത്രമേ ഫലം പ്രസിദ്ധീകരിക്കൂ എന്നാണ് സര്‍വകലാശാല അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ പരീക്ഷ വീണ്ടും എഴുതുന്നതിനുള്ള രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചിരിക്കുകയാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഇതിന് ഫീസ് ഈടാക്കില്ലെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
Recommended Video
വീഴ്ച്ച അംഗീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയായതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തണമെന്നും, വീഴ്ച്ച വരുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നുമുള്ള നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. വിവാദമായ സാഹചര്യത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.












Click it and Unblock the Notifications