കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കനത്തമഴ തുടരുന്നു: ഉദ്ഘാടനം ചെയ്യാനിരുന്ന പൊള്ളമ്പാറ പാലം അപ്രോച്ച്റോഡ് തകര്‍ന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന കനത്തമഴക്ക് വയനാട്ടില്‍ ശനിയാഴ്ചയും ശമനമുണ്ടായില്ല. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി കെടുതികളാണ് ജില്ലയുടെ ഓരോ ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. വീടിന് മുകളില്‍ മരം വീണും, റോഡുകളിലും വയലുകളിലും വെള്ളം കയറിയും, നിരവധി അനിഷ്ടസംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വെങ്ങപ്പള്ളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായ റസിയയുടെ വീടിന് മുകളില്‍ മരം വീണിരുന്നു.

ശക്തമായ കാറ്റില്‍ വീടിന്റെ മുന്‍ഭാഗത്തേക്കായിരുന്നു മരം വീണതെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. തിരുനെല്ലിയില്‍ കടയിലേക്ക് മരം മുറിഞ്ഞുവീണതും കനത്ത കാറ്റിനെ തുടര്‍ന്നായിരുന്നു. കട അടച്ചിട്ടിരുന്നതിനാലാണ് ഇവിടെ വന്‍ദുരന്തം ഒഴിവായത്. അതേസമയം, മാനന്തവാടിയിലെ വാളാട് പൊള്ളമ്പാറ പാലം അപ്രോച്ച് റോഡ് താഴ്ന്നിറങ്ങിയതായിരുന്നു ഏവരെയും ഞെട്ടിച്ച മറ്റൊരു അനിഷ്ടസംഭവം. പ്രദേശവാസികളുടെ ചിരകാലഭിലാഷമായിരുന്നു വാളാട് പൊള്ളമ്പാറ പാലം. പാലത്തിന്റെ പണി പൂര്‍ത്തിയായതിന് ശേഷം അപ്രോച്ച് റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയായിരുന്നു.

pollambaraapproachroad

എട്ട് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം നടക്കാനിരിക്കെയാണ് കനത്തമഴയില്‍ റോഡ് താഴ്ന്നിറങ്ങിയത്. പൂര്‍ണമായി മണ്ണിടിച്ച് റോഡ് താഴേക്ക് പോയ അവസ്ഥയിലാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു താല്‍ക്കാലിക മരപ്പാലത്തിന് പകരം പാലം പണിയുന്നതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. മുന്‍കാലങ്ങളില്‍ ഈ മരപ്പാലം കനത്തമഴയില്‍ തകര്‍ന്നാലോ മുങ്ങിയാലോ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയായിരുന്നു ആളുകള്‍ ആവശ്യങ്ങളും മറ്റുമായി ടൗണുകളിലേക്കും മറ്റും പോകുന്നത്. ആശുപത്രി, സ്‌കൂള്‍ എന്നിങ്ങനെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ക്ക് ആശ്രയമായി മാറേണ്ടിയിരുന്നത് ഈ പാലവും റോഡുമായിരുന്നു.

കനത്തമഴയില്‍ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നുകഴിഞ്ഞു. 60 മീറ്ററോളം നീളത്തിലാണ് 20 മീറ്റര്‍ വീതിയുള്ള റോഡ് തകര്‍ന്നിരിക്കുന്നത്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായി നിലച്ചു. മഴ ഇതേ നിലയില്‍ തുടര്‍ന്നാല്‍ ജില്ലയില്‍ വരുംദിവസങ്ങള്‍ കൂടുതല്‍ കെടുതികളുണ്ടാവുന്ന അവസ്ഥയാണുള്ളത്. ജില്ലയില്‍ മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 9207985027, 04936 204151 എന്നീ നമ്പറുകള്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

English summary
Approach road destructed in wayanad before inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X