അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി കാരണം സഹികെട്ടു; ഹർജിക്കാർക്ക് 25000 പിഴയിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച് മടുത്തെന്ന് സുപ്രീംകോടതി. വാൽകിംഗ് ഐ ഫൗണ്ടേഷൻ എന്ന സംഘന അരിക്കൊമ്പനുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി രൂക്ഷപ്രതികരണം നടത്തിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മൃഗസംരക്ഷണ സംഘടനയായ വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിക്ക് 25,000 രൂപയും പിഴയും ചുമത്തി. ആനയെ ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് തങ്ങൾക്ക് എല്ലാ ആഴ്ചയും ഹർജി ലഭിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

'' അരിക്കൊമ്പനെ കുറിച്ച് ഇനി ഒന്നുമില്ല. ഈ അരിക്കൊമ്പൻ കാരണം ഞങ്ങൾ സഹികെട്ടു. നിങ്ങൾ കേരള ഹൈക്കോടതിയിലേക്ക് പോകൂ. അവർക്ക് ഇതേക്കുറിച്ച് ധാരണയുണ്ടാകും. എലല്ലാ ആഴ്ചയും ആനയെ സ്ഥലം മാറ്റണമെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഹർജി ലഭിക്കുന്നുണ്ട്. അത് ഞങ്ങളുടെ കടമയല്ല എന്നും കോടതി പറഞ്ഞു.
മൃഗസംരക്ഷണ സമിതിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ദീപക് പ്രകാശ്, മൃഗങ്ങളുടെ ക്ഷേമത്തിൽ മാത്രമാണ് തങ്ങൾ ശ്രദ്ധിക്കുന്നതെന്നും ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരമുള്ള അധികാരങ്ങളെക്കുറിച്ച് സുപ്രീം കോടതിയെ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ ഈ ഹർജി കോടതി നടപടി ദുരപയോഗം ചെയ്യുന്നതാണെന്ന് കോടതി പറഞ്ഞാണ് പിഴയിട്ടത്.
അരികൊമ്പൻ നിലവിൽ എവിടെ ആണ് എന്താണ് അവസ്ഥ എന്ന് അറിയില്ലെന്നും കോടതി കൃത്യത വരുത്തണം എന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കാട്ടിലുള്ള ആന എവിടെയാണെന്ന് എന്തിന് നിങ്ങൾ അറിയണം എന്നാണ് കോടതി ചോദിച്ചത്. ആന ഒരു സ്ഥലത്ത് നിൽക്കുന്ന ജീവിയല്ലെന്നും അത് വനത്തിലൂടെ പല സ്ഥലത്തു പോകുമെന്നും കോടതി പറഞ്ഞു.
ഒന്നിലധികം തവണ മയക്ക് വെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ലെന്നും ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അരിക്കൊമ്പനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യഹർജി മാർച്ച് 31 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ വിഷയത്തിൽ ഉള്ള സംസ്ഥാനത്തിന്റെ ഹർജിയും ഏപ്രിൽ 17 ന് സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു.












Click it and Unblock the Notifications