ഒരുത്തനേയും വെറുതെ വിടില്ല, ഇവരൊക്കെ മനുഷ്യരല്ലേ: അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ നടപടി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
"അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും," മന്ത്രി പറഞ്ഞു.

അർജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ മന്ത്രിയെ നേരിൽ ധരിപ്പിച്ചു. ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഷിരൂര്‍ ദൗത്യം പ്രതിസന്ധികളിലും തുടരുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരും. രക്ഷാപ്രവര്‍ത്തനത്തിനായി വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴമധ്യത്തില്‍ സ്ഥാപിക്കുന്ന ഈ ചങ്ങാടങ്ങളില്‍ നിന്നായിരിക്കും തിരച്ചില്‍ നടത്തുക. പ്ലാറ്റ്ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുമെന്നും മന്ത്രി ഷിരൂരില്‍ നിന്ന് വ്യക്തമാക്കി.
മുഹമ്മദ് റിയാസിനൊപ്പം മന്ത്രി എകെ ശശീന്ദ്രനും ഷിരൂരിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തിയത്. അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടറിയാനാണ് ഷിരൂരിലേക്ക് പോകുന്നതെന് മന്ത്രി എകെ ശശീന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
കേരളത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ ചെയ്യും. മന്ത്രിമാർ എന്തുകൊണ്ട് നേരത്തേ പോയില്ലെന്ന് വിമർശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വിസ്മരിക്കരുതെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.
കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനാണ് ഷിരൂരിലേക്ക് പോകുന്നത്. ഔദ്യോഗിക പ്രതികരണം ചോദിച്ചറിയും. രക്ഷാപ്രവർത്തനത്തിൽ ഇടപെടില്ല. മറിച്ച് കേരളത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ചെയ്യും. കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടെ നേരത്തേ പോയില്ലെന്ന് വിമർശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെയാണ് അർജുന്റെ രക്ഷാപ്രവർത്തനം ഊർജിതമായതെന്ന വസ്തുത വിസ്മരിക്കരുതെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications