സമീപകാലത്ത് ആര്‍മി നടത്തുന്ന ഏറ്റവും ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം; ബെയ്ലി പാലം ഉച്ചയോടെ സജ്ജമാകും: ആര്‍മി
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൂന്നാം ദിനവും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം. ആര്‍മിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ എത്തിച്ച് അതിവേഗത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിച്ചേക്കും. ബെയ്ലി പാലം നിര്‍മ്മാണം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പൂര്‍ത്തിയാകുമെന്നാണ് മേജര്‍ ജനറല്‍ വിഎല്‍ മാത്യു വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.
'ഇരുന്നൂറ് അടിയോളം നീളമുള്ള പാലമാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പന്ത്രണ്ട് മണിയോടെ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും. പഴയ പാലത്തിലൂടെ എന്തൊക്കെ വാഹനങ്ങള്‍ കടന്ന് പോയോ അതൊക്കെയും പുതിയ പാലത്തിലൂടെയും എത്തിക്കാന്‍ സാധിക്കും. തിരച്ചിലിനായി ആര്‍മിക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. എന്നാല്‍ പാലമില്ലാത്ത സാഹചര്യത്തില്‍ അതൊന്നും അപ്പുറത്തേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. പാലം വരുന്നതോടെ എല്ലാ സജ്ജീകരണങ്ങളും മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് എത്തിക്കും' മേജര്‍ ജനറല്‍ വിഎല്‍ മാത്യു പറഞ്ഞു.

സര്‍ക്കാര്‍ പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ബെയ്ലി പാലം ഇവിടെയുണ്ടാകും. ആറ് ടീമുകളായി അഞ്ഞൂറോളം സേനാംഗങ്ങള്‍ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരേയും കൈകൊണ്ടും മറ്റുമുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പാലം നിര്‍മ്മിച്ചതിന് ശേഷം കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കും.

ഈയിടെയായി നടന്ന ഏറ്റവും ദുഷ്കരമായ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും ആളുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ദുരന്തം സമീപകാലത്ത് ആദ്യമാണ്. കാലാവസ്ഥ മാറി മാറി വരുന്നു. ഇന്ന് മഴക്ക് നേരിയ ശമനമുള്ളത് ആശ്വാസമാണ്. രാത്രിയിലെ രക്ഷാപ്രവര്‍ത്തനം വലിയ പാടായിരുന്നു. ചെയ്യാന്‍ പറ്റുന്നതിന്‍റെ പരമാവധി ചെയ്യും. അവസാനത്തെ ആളേയും പുറത്തെത്തിക്കുക എന്നുള്ളതാണ് ആര്‍മിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications