'ആർഷോയെ കുറ്റവിമുക്തനാക്കിയത് അന്വേഷണത്തെ അട്ടിമറിക്കാൻ'; ആർ ബിന്ദുവിനെതിരെ വിഡി സതീശൻ
മലപ്പുറം: അന്വേഷണം നടക്കുന്നതിനിടെ എസ്എഫ്ഐ നേതാവ് ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എസ്എഫ്ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.
ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം എന്നിങ്ങനെ പല ക്രമക്കേടുകളും നടത്തുന്ന എസ്എഫ്ഐക്കാർക്ക് സിപിഎമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഡി സതീശന്റെ വാക്കുകളിലേക്ക്- ' അന്വേഷണം നടക്കുന്നതിനിടെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്‍കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചത്.
രണ്ട് ശതമാനം ഹാജരില്ലാത്ത എസ്എഫ്ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. എസ്എഫ്ഐ വനിതാ നേതാവിന് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഈ പെണ്‍കുട്ടി. കെഎസ്യു പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഘത്തിനൊപ്പം എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഈ പെണ്‍കുട്ടി. പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന എസ്സി എസ്ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറാണ്. അന്ന് വിസിയെ സ്വാധീനിച്ച സിപിഎം നേതാക്കള്‍, ഇപ്പോള്‍ വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടു നിന്ന എസ്എഫ്ഐ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വാഴക്കുല തീസിസ് കൊടുത്തയാളിന് എതിരെയും നടപടിയില്ല. എസ്എഫ്ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണ്. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്ന എസ്എഫ്ഐക്ക് സിപിഎമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണ്', വിഡി സതീശൻ പറഞ്ഞു..
കെ ഫോണില്‍ ചൈനീസ് കേബിള്‍ ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. കെ ഫോണില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളില്‍ ഇന്ത്യന്‍ കമ്പനിയുടെ സീല്‍ പതിപ്പിച്ചാണ് നല്‍കിയിരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷമാണ് ആദ്യമായി ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചു. കുടില്‍ വ്യവസായത്തിന് പോലും ഓണ്‍ലൈനായി സാധനങ്ങള്‍ വരുത്തുന്ന കാലത്ത് അപരിഷ്‌കൃത ചിന്തയുമായി നടക്കുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും പറഞ്ഞു. കുടില്‍ വ്യവസായത്തിന് ഓണ്‍ലൈനായി സാധനം വാങ്ങുന്നതു പോലെയാണോ കെ ഫോണിന് ചൈനയില്‍ നിന്നും കേബിള്‍ വരുത്തുന്നത്?', വിഡി സതീശൻ ചോദിച്ചു.
ഇന്ത്യ നിര്‍മ്മിത കേബിള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ടെന്‍ഡറില്‍ എഴുതി വച്ചിട്ടാണ് ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കേബിള്‍ ഇറക്കുമതി ചെയ്തത്. ചൈനീസ് കേബിള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കെ ഫോണ്‍ എം.ഡിയെക്കൊണ്ട് പറയിപ്പിച്ചു. ഇപ്പോള്‍ ചൈനയില്‍ നിന്നും കേബിള്‍ വരുത്തി എന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
തെളിവില്ലാതെ പ്രതിപക്ഷം ഒരു ആരോപണങ്ങളും ഉന്നയിക്കാറില്ല. ചൈനയില്‍ നിന്നാണ് കേബിളുകള്‍ വാങ്ങിയത് എന്നതിന്റെ ആധികാരിക രേഖകള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. ഇപ്പോള്‍ പരിശോധിക്കാമെന്നാണ് പറയുന്നത്. എ.ഐ ക്യാമറയ്‌ക്കെതിരായ ഹര്‍ജി അടുത്ത ദിവസം തന്നെ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications