ബിജു രമേശ് ഇനി 'അമ്മ'യ്ക്കൊപ്പം... തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തെ ഒന്നാകെ വട്ടം ചുറ്റിച്ച ബാറുടമ ബിജു രമേശ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. യുഡിഎഫിലും എല്‍ഡിഎഫിലും ബിജെപിയിലുമല്ല. പലരും പറഞ്ഞതുപോലെ സിപിഎമ്മിനോട് ഒരു ഐക്യവും ഇല്ല. അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായാണ് ബിജു രമേശ് രംഗത്ത് വന്നിരുക്കുന്നത്.
പാര്‍ട്ടിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായി ബിജു രമേശിനെ ജയലളിത പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ എഐഡിഎംകെ പുറത്തുകാെണ്ടുവരുമെന്നാണ് ഇപ്പോള്‍ ബിജു രമേശ് പറയുന്നത്. യുഡിഎഫ് മന്ത്രിമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തമിഴ്‌നാട്ടില്‍ വാങ്ങിക്കൂട്ടിയ സ്വത്ത് വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും ബിജു പറയുന്നുണ്ട്. എന്തൊക്കെയാണ് ബിജുവിന്‍റെ പദ്ധതികള്‍....?

അഴിമതി തെളിയിക്കാന്‍
എഐഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടിലെ കേരള മന്ത്രിമാരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് വരികയാണെന്നാണ് ബിജു പറയുന്നത്. ബാര്‍ക്കോഴയും മറ്റ് അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിഷയം ആക്കുന്നതോടൊപ്പം അനധികൃത സ്വത്ത് വിവരവും പറയും.

ഇവിടെ നടക്കുന്നത്
ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അതു കഴിഞ്ഞ് സ്വത്ത് സമ്പാദനവുമാണ് നടക്കുന്നതെന്നാണ് ബിജുവിന്‍റെ ആരോപണം.

അമ്മയുടെ ആളാണ്
ആറ് വര്‍ഷത്തിന് മുമ്പ് എഐഡിഎംകെയില്‍ അംഗമാണെന്ന് ബിജു പറയുന്നു. തമിഴ് നാട്ടിലെ വ്യാപര സ്ഥാപനങ്ങള്‍ക്ക് ഡിഎംകെയില്‍ നിന്നും ഭീഷണി നേരിട്ടപ്പോഴാണ് എഐഡിഎംകെയില്‍ ചേര്‍ന്നത്.

അമ്മ പറഞ്ഞപ്പോള്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടതിനാലാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം വിഷയമാക്കേണ്ട കാര്യമില്ല.

ഏഴ് സീറ്റില്‍
എഐഡിഎംകെ സംസ്ഥാനത്ത് ഏഴ് സീറ്റില്‍ മത്സരിക്കും. തിരുവനന്തപുരത്ത് കൂടാതെ ചിറ്റൂര്‍, നെന്മാറ, മലമ്പുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലാണ് മത്സരിക്കുക.

സംഭാവന വാങ്ങില്ല
തമിഴ്‌നാട്ടില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് സംഭാവന സ്വീകരിക്കാറില്ല. ആരീതി ഇവിടെയും നടപ്പിലാക്കുമെന്നും ബിജുരമേശ് പറയുന്നു.

ബിജെപി നോക്കിയോ?
ബിജു രമേശ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ശ്രുതി. എന്നാല്‍ ആ ചര്‍ച്ചകള്‍ വഴിമുട്ടി. പിന്നീട് ബിജു എഡിഎംകെ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇത്രപെട്ടന്ന് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരും കരുതിയില്ല.












Click it and Unblock the Notifications