കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുപുഴയില്‍ 'മരുന്നിന് പോലും ഇല്ലേ' ഒരു സിപിഎം സ്ഥാനാര്‍ത്ഥി?

  • By Desk
Google Oneindia Malayalam News

ഇടുക്കി: തൊടുപുഴയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്തതില്‍ സിപിഎമ്മില്‍ അമര്‍ഷവും പ്രതിഷേധവും അങ്കലാപ്പും. ഒരു കാലത്ത് സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു തൊടുപുഴ.

ഇവിടെ പത്താം തവണ ജനവിധി തേടുന്ന മന്ത്രി പിജെ ജോസഫിനെതിരെ വിജയം നേടുക അത്ര എളുപ്പമല്ലെങ്കിലും മല്‍സരം കാഴ്ചവെക്കാന്‍ ശേഷിയുളള സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ പോലും കഴിയാത്തത് ഗ്രൂപ്പിസം കൊണ്ട് ദുര്‍ബലമായ സംഘടനാ സംവിധാനം മൂലമാണെന്നാണ് ആരോപണം . പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രരെ രംഗത്തിറക്കാനുളള ശ്രമം കീഴ്ഘടകങ്ങളുടെ എതിര്‍പ്പ് മൂലം വിജയിച്ചതും ഇല്ല. സംസ്ഥാനത്ത് സിപിഎം മല്‍സരിക്കുന്ന 92 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത രണ്ട് മണ്ഡലങ്ങളിലൊന്നാണ് തൊടുപുഴ.

PJ Joseph

21 വര്‍ഷം മുമ്പ് ആരംഭിച്ച വിഭാഗീയതയുടെ പരിണത ഫലമാണ് ഈ ദുരവസ്ഥയെന്ന് വ്യക്തമാണ്. 1970ല്‍ പിജെ ജോസഫിനെതിരെ ആദ്യം മല്‍സരിച്ച സിപിഎം നേതാവ് യുകെ ചാക്കോ പരാജയപ്പെട്ടത് വെറും 1635 വോട്ടുകളുടെ മാത്രം വ്യത്യാസത്തിനാണ്. അന്ന് മേഖലയിലെ 45 ശതമാനം വോട്ടുകള്‍ സിപിഎമ്മിനായിരുന്നു. 1977ല്‍ തൊടുപുഴ, കരിമണ്ണൂര്‍ മണ്ഡലങ്ങള്‍ ഒന്നായെങ്കിലും സിപിഎമ്മിന്റെ സംഘടനാ ബലം കുറഞ്ഞില്ല. പിന്നീട് 1987ല്‍ താലൂക്ക് സെക്രട്ടറിയായിരുന്ന എംസി മാത്യു, പിജെ ജോസഫിനോട് 10252 വോട്ടുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി.

CPM

1989ല്‍ ജോസഫ് വിഭാഗം എല്‍ഡിഎഫില്‍ എത്തിയതു മുതലാണ് തൊടുപുഴയിലെ സിപിഎം സംഘടനാസംവിധാനം നിര്‍ജ്ജീവമായിത്തുടങ്ങിയത്. 1991, 96, 2001, 2006 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതിനിടെ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളിലും മല്‍സരിച്ചത് പിജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പിസി ജോസഫും ആയിരുന്നതിനാല്‍ സിപിഎം സംവിധാനം കാര്യമായി പ്രവര്‍ത്തനമില്ലാതായി.

ഇതിനിടെ 1995ലെ നഗരസഭാ തെരഞ്ഞെടുപ്പ്, പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. 1988ലെ പ്രഥമ നഗരസഭ അധ്യക്ഷനായിരുന്ന എന്‍ ചന്ദ്രനെ വീണ്ടും ചെയര്‍മാനാക്കാത്ത പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി അരങ്ങേറി. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രൊഫ കൊച്ചുത്രേസ്യ തോമസിനെതിരെ 28ല്‍ 26 വോട്ടുകള്‍ നേടി വിമതനായി മല്‍സരിച്ച എംപി ഷൗക്കത്തലി ചെയര്‍മാനായി. ഇതോടെ കൂട്ട അച്ചടക്ക നടപടികള്‍ക്ക് തുടക്കമായി. എന്‍ ചന്ദ്രന്‍, എംപി ഷൗക്കത്തലി തുടങ്ങിയ ജനകീയ നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്തായി.

ഇവര്‍ക്കൊപ്പം വെങ്ങല്ലൂര്‍, ഉണ്ടപ്ലാവ്, കുമ്പങ്കല്ല്, കാഞ്ഞിരമറ്റം മേഖലകളില്‍ നിന്നും ആയിരക്കണക്കിന് അണികള്‍ പാര്‍ട്ടിയോട് അകന്നു. അന്ന് അച്ചടക്ക നടപടിക്ക് നേതൃത്വം നല്‍കിയ സംസ്ഥാന കമ്മിറ്റി അംഗം പിഎം മാനുവല്‍, ജില്ലാ സെക്രട്ടറിയേറ്റംഗം എംസി മാത്യു എന്നിവര്‍ പിന്നീട് പാര്‍ട്ടിക്ക് പുറത്തായി. ഇതോടെ ചന്ദ്രനും ഷൗക്കത്തലിയും തിരിച്ചെത്തിയെങ്കിലും അണികളില്‍ ഭൂരിഭാഗവും പാര്‍ട്ടിയിലേക്ക് മടങ്ങിയില്ല. ഇത് അടിത്തറ ദൂര്‍ബലമാക്കി.

2010ല്‍ പിജെ ജോസഫ് യുഡിഎഫിലേക്ക് മടങ്ങിയതോടെ നിയമസഭാ സ്ഥാനാര്‍ഥിയെ കിട്ടാനില്ലാത്ത സ്ഥിതിയായി. 2011ല്‍ ജോസഫ് ഗ്രൂപ്പ് വിമതനായിരുന്ന പ്രൊഫ ജോസഫ് അഗസ്റ്റിനെ സ്ഥാനാര്‍ഥിയാക്കി. ഇക്കുറി അതിന് പോലും കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന റോയി വാരികാട്ടിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചെങ്കിലും കീഴ് കമ്മിറ്റികളുടെ രോഷത്തിന് മുന്നില്‍ ഈ തീരുമാനം ഉപേക്ഷേിക്കേണ്ടി വന്നു.

എംപി. ഷൗക്കത്തലി, അഡ്വ പിപി താജുദ്ദീന്‍ തുടങ്ങിയവരുടെ പേരുകള്‍ കേട്ടെങ്കിലും അതൊന്നും നടപ്പായില്ല. തൊടുപുഴ ഏരിയാ സെക്രട്ടറി ടിആര്‍ സോമന്‍ മല്‍സരിക്കാന്‍ തയ്യാറാണെങ്കിലും എതിര്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം വിവി മത്തായി ഇതിനെ എതിര്‍ക്കുകയാണെന്നാണ് കേള്‍വി. സംസ്ഥാന കമ്മിറ്റി അംഗം കെപി മേരിക്ക് ഉടക്കു വെക്കുന്നത് ഒരു വിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ്. പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമായിരുന്ന യുവജന നേതാക്കളെ മുളയിലേ നുളളിക്കളഞ്ഞതിന്റെ തിരിച്ചടിയാണ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലുമാകാതെ തൊടുപുഴയിലെ സിപിഎം അനുഭവിക്കുന്നത്.

English summary
Kerala Assembly Election 2016: CPM struggling to find a candidate at Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X