കെപിഎസി ലളിതയും മണലൂരും ഗുരുവായൂരും....തൃശ്ശൂരില്‍ പോസ്റ്റര്‍ യുദ്ധം പൊടിപൊടിക്കുന്നു
തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലേക്ക് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിനുള്ള തന്ത്രപ്പാടിലാണ് മുന്നണി നേതൃത്വങ്ങള്‍. മണ്ഡലങ്ങള്‍ തോറും അവതരിക്കുന്ന പോസ്റ്ററുകളെ പോലും പേടിക്കേണ്ട അവസ്ഥയിലാണ് നേതാക്കള്‍. രണ്ട് മുന്നണികളെയും ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് പോസ്റ്റര്‍ യുദ്ധങ്ങള്‍ക്ക് തുടക്കം. കെപിഎസി. ലളിതയെ മത്സരിപ്പിക്കുന്നതിനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അണികള്‍ പോസ്റ്റര്‍ പതിച്ചത്. ഇത് പിന്നീട് പരസ്യ പ്രകടനത്തിലേക്ക് എത്തി. രംഗം പന്തിയല്ലെന്ന് കണ്ട് ലളിത പിന്മാറി. വിമതരും ആദ്യത്തെ വിജയമായി സോഷ്യല്‍ മീഡിയ ഇത് ആഘോഷമാക്കി. ഇവിടെയുള്ള സേവര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ കമ്മിറ്റി ഇത് മുഖവിലക്കെടുത്തിട്ടില്ല. വടക്കാഞ്ചേരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ട ഗതികേടിലേക്ക് പാര്‍ട്ടിയെത്തി.

ഇരിങ്ങാലക്കുടയിലാണ് പിന്നീട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ എന്‍ആര്‍ ഗ്രാമപ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലായിരുന്നു പ്രതിഷേധം. വിഎസ് പക്ഷക്കാരനായ ടി ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആരെ പരിഗണിക്കണമെന്ന കാര്യവും ജില്ലാ കമ്മിറ്റി പിന്നീടത്തേക്ക് മാറ്റി. ഗ്രാമപ്രകാശ് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ടി ശശിധരന് വേണ്ടി ലഘുലേഖകള്‍ വരെ വീടുകളിലെത്തിയിട്ടുണ്ട്. പ്രതിഷേധം കടുത്ത രീതിയിലേക്ക് പോകുമ്പോഴും നേതൃത്വം മൗനത്തിലാണ്.
യുഡിഎഫിനുമുണ്ട് ഇത്തരം പൊല്ലാപ്പുകള്‍. ഗുരുവായൂരും മണലൂരിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണലൂരില്‍ പിഎ മാധവന്‍ എംഎല്‍എ കൂറുപുലര്‍ത്തണമെന്നും മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നുമാണ് ആവശ്യം. ലീഗിന്റെ ഉറച്ച സീറ്റായിരുന്ന ഗുരുവായൂരില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അനിശ്ചിതത്വത്തിലാണ് നേതൃത്വം. അഡ്വ പിഎം സാദ്ദിഖലിക്ക് സീറ്റ് നല്‍കാമെന്ന ധാരണയില്‍ എത്തിയപ്പോഴേക്കും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത സാദിഖ് അലിയെ ഞങ്ങള്‍ക്ക് വേണ്ട. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്ക് വേണ്ട എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്.
ഓരോ പോസ്റ്ററിലും സ്വന്തം മുന്നണികളുടെയോ പാര്‍ട്ടികളുടെയോ പേരുകളാണുള്ളത്. ആദ്യം കേള്‍ക്കുമ്പോഴേ ഇതൊന്നും ഞങ്ങളല്ലെന്നും എതിരാളികളാണെന്നും നേതാക്കള്‍ പറയും. പ്രതിഷേധ പോസ്റ്റര്‍ പതിച്ചെന്ന് കേട്ടാല്‍ സ്ഥാനാര്‍ഥി കുപ്പായമിടാന്‍ തുനിഞ്ഞവരുടെയും തുനിയുന്നവരുടെയും മനസിടിയും. എനിക്ക് പോസ്റ്റര്‍ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞാലും തെളിയിക്കാന്‍ വഴിയൊന്നുമില്ലല്ലോ.












Click it and Unblock the Notifications