കോണ്‍ഗ്രസില്‍ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാന്‍ ശ്രമം: വിഡി സതീശന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജില്ലയിലെ സി പി എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഒരു മാധ്യമം പോലും അത് റിപ്പോർട്ട് ചെയ്യുന്നില്ല. നേരെ മറിച്ച് ഈ സാഹചര്യം കോണ്‍ഗ്രസിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം ചോദിക്കുന്നു. പ്രശ്നങ്ങള്‍ മൊത്തം കോണ്‍ഗ്രസിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സി പി എം സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്. എറണാകുളം ജില്ലയിലെ സി പി എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. എന്നിട്ടും ഒരു മാധ്യമം പോലും അത് റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ഗ്രസിലാണ് ഈ സാഹചര്യമെങ്കില്‍ എന്തായിരുന്നു അവസ്ഥ? കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ സി പി എം നേതാക്കളോട് ഒന്നും ചോദിക്കുന്നില്ല?

യു ഡി എഫിനോടും എല്‍ ഡി എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. കിട്ടുന്ന എല്ലാ അവസരത്തിലും കോണ്‍ഗ്രസിനേയും യു ഡു എഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വേണ്ട. മാധ്യമങ്ങള്‍ എന്തു ചോദിച്ചാലും അതിന് മറുപടി പറയുന്നു എന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. തോപ്പുംപടിയില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് ഞങ്ങളോട് ചോദിക്കാനും നില്‍ക്കരുത്.
വികസന രാഷ്ട്രീയം തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു തടസവുമില്ല. നെടുമ്പാശ്ശേരി വിമാന താവളം, കലൂര്‍ സ്റ്റേഡിയം, ഗോശ്രീ വികസന പദ്ധതി, മെട്രോ റെയില്‍ ഇതെല്ലാം യു ഡി എഫിന്റെ പദ്ധതികളാണ്. എല്‍ ഡി എഫ് കൊണ്ടു വന്ന ഏതെങ്കിലും വികസന പദ്ധതി കാണിച്ചു തരാമോ? വികസനം വേണം വിനാശം വേണ്ട എന്നാണ് യു ഡി എഫ് നിലപാട്.
അതേസമയം, മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നണി പ്രഖ്യാപിച്ച് കഴിഞ്ഞു. ഡോ. ജോ ജോസഫിനെയാണ് പാർട്ടി ചിഹ്നത്തില്‍ തന്നെ സി പി എം മത്സരിക്കുന്നത്. ലിസി ആശുപത്രയിലെ പ്രമുഖനായ ഹൃദ്രോഗ വിദഗ്ധനാണ് ജോ. ജോസഫ്












Click it and Unblock the Notifications