ഗൃഹനാഥനെ കഴുത്ത് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ഗൃഹനാഥനെ വാക്കത്തികൊണ്ട് കഴുത്തിനും തലക്കും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിച്ചേരി കൊളത്തൂര്‍ നാരക്കോട് വീട്ടിലെ കണ്ണനെ(31)യാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എസ്. മനോഹര്‍ കിണി ശിക്ഷിച്ചത്. കൊളത്തൂര്‍ മുത്തലക്കുണ്ടിലെ കുമാര(48)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കണ്ണന്‍. 307-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷവും 326-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷവും തടവിനാണ് ശിക്ഷിച്ചത്. ഇതിന് പുറമെ രണ്ട് വകുപ്പുകള്‍ പ്രകാരം 25,000 രൂപ വീതം പിഴയടക്കണം.

 crimeinnoida

പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം വീതം തടവ് അനുഭവിക്കണം. മറ്റൊരു വകുപ്പില്‍ കണ്ണന്‍ ഒരുമാസം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പിഴ സംഖ്യയായ 50,000 രൂപയില്‍ 25,000 രൂപ കുമാരന് നഷ്ടപരിഹാരം നല്‍കണമെന്നും വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.
2016 മെയ് 31നാണ് കേസിനാസ്പദമായ സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കണ്ണന്‍ കുമാരന്റെ പറമ്പിലെ തെങ്ങിന്‍ തോപ്പില്‍ ജോലിക്ക് വരിക പതിവായിരുന്നു. കണ്ണന്‍ മദ്യപിച്ച് തെങ്ങുകയറ്റ ജോലിക്ക് വരുന്നതിനെ കുമാരന്‍ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണം.

സംഭവദിവസം വൈകിട്ട് ജോലിക്ക് ശേഷം കുമാരന്റെ വീട്ടില്‍ നിന്നും ചായ കുടിച്ച് പുറത്തിറങ്ങിയ കണ്ണന്‍ ഒരുകാര്യം സംസാരിക്കാനുണ്ടെന്നും തനിക്കൊപ്പം വരണമെന്നും കുമാരനോട് ആവശ്യപ്പെട്ടു. കുമാരന്‍ വീട്ടില്‍ നിന്നിറങ്ങി കണ്ണനോടൊപ്പം നടന്നുനീങ്ങുന്നതിനിടെ തന്റെ മദ്യപാനത്തെ ചോദ്യം ചെയ്തതിനെ ചൊല്ലി കണ്ണന്‍ വാക്കുതര്‍ക്കം ആരംഭിച്ചു. മദ്യപിച്ച് ജോലിക്ക് വരാന്‍ പാടില്ലെന്ന് കുമാര്‍ ആവര്‍ത്തിച്ചതോടെ കണ്ണന്‍ പ്രകോപിതനാവുകയും കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് കുമാരന്റെ കഴുത്തിലും തലയിലും വെട്ടുകയുമായിരുന്നു.

കുമാരന്റെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും കണ്ണന്‍ രക്ഷപ്പെട്ടിരുന്നു. തലക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റ കുമാരന്‍ ഗുരുതരാവസ്ഥയില്‍ ഏറെക്കാലം മംഗലാപുരം ആസ്പത്രിയില്‍ കഴിഞ്ഞിരുന്നു. കുമാരന്റെ പരാതിയില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കണ്ണനെതിരെ ബേഡകം പൊലീസ് കേസെടുത്തത്. അറസ്റ്റിലായതിന് ശേഷം കോടതി റിമാണ്ട് ചെയ്ത കണ്ണന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ആദൂര്‍ സി.ഐയാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attempt to murder case culprit got 10 year imprisonment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്