പാഠപുസ്തത്തില്‍ നിന്നും മുഗള്‍ ചരിത്രം വെട്ടി കേന്ദ്രം: നീതീകരിക്കാനാവാത്ത നടപടിയെന്ന് സിപിഎം
ദില്ലി: എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. സിലബസ് യുക്തിസഹമാക്കാനും വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനുമാണ് ഇത് ചെയ്തതെന്ന എൻസിഇആർടി മേധാവിയുടെ വിചിത്രമായ വാദം തികച്ചും തെറ്റിദ്ധാരണാജനകവും വർഗീയമായ രീതിയിൽ ചരിത്രം തിരുത്തിയെഴുതാനുള്ള പദ്ധതിയുടെ ഭാഗവുമാണെന്നും സി പി എം പിബി അഭിപ്രായപ്പെടുന്നു.
വർഗീയ മുൻവിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ല എന്നത് കേന്ദ്രസർക്കാർ വിസ്മരിക്കുകയാണ്. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും ഒഴിവാക്കി ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ഭൂരിപക്ഷ ചിന്താഗതിയെയാണ് ഇത് അടിവരയിടുന്നത്.

പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ യഥാർത്ഥത്തിൽ ഭിന്നിപ്പുണ്ടാക്കിയ ആർഎസ്എസിന്റെ അക്രമാസക്തമായ പങ്കിനെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണെന്നത് സംഘടനയുടെ നിരോധനത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നിർണായക വാക്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയിൽ നിന്ന് വ്യക്തമാണ്.
നീതീകരിക്കാനാകാത്ത ഈ തീരുമാനങ്ങൾ തിരുത്താനും പഴയ പാഠപുസ്തകങ്ങൾ പുനഃസ്ഥാപിക്കാനും ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണം. ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനത്തെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാ ഇന്ത്യൻ ദേശസ്നേഹികളോടും അവരുടെ പ്രതിഷേധ ശബ്ദം ഉയർത്താൻ അഭ്യർത്ഥിക്കുന്നുവെന്നും സി പി എം കൂട്ടിച്ചേർത്തു.
അതേസമയം, പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കി വ്യക്തമാക്കി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല. ഇത് ഫലത്തിൽ പഠന കാര്യങ്ങളിൽ വിദ്യാർഥികളെ പുറകോട്ടടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടത്തിയ മാറ്റങ്ങളെക്കുറിച്ച് വാർത്തകൾ കണ്ടു. യാഥാർത്ഥ്യങ്ങളോട് നീതിപുലർത്താത്ത തരത്തിൽ പാഠപുസ്തകം നിർമ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും കൂട്ടുനിൽക്കില്ല.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളിൽ പോലും വർഗ്ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണവേളയിൽ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആശങ്ക പൂർണ്ണമായും ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് വാർത്തകൾ വഴി മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ കേരളം പ്രകടിപ്പിച്ച വിയോജിപ്പുകൾ നിലനിൽക്കുന്നു.
വിദ്യാഭ്യാസം എന്നത് സമവര്‍ത്തി പട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ്) ആണ്. കേന്ദ്രീകരണ നിർദേശങ്ങളിൽ കേരളത്തിന് ആശങ്കയുണ്ട്. ദേശീയ നയം അതേപടി നടപ്പാക്കുന്ന കാര്യത്തിൽ കേരളത്തിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ഘട്ടം വരുമ്പോൾ ഓരോ പ്രശ്നത്തെയും അടിസ്ഥാനമാക്കി അതത് ഘട്ടത്തിൽ മാത്രമേ പ്രതികരിക്കാന്‍ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications