കല്ലേറില്‍ നാല് പേര്‍ക്ക് ജാമ്യം
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ വച്ച് കല്ലേറ് കൊണ്ട കേസില്‍ അറസ്റ്റിലായ 4 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിലെ പ്രതികളായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ മുരളീധരന്‍, തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍, സ്ഥിരം സമിതി അംഗം രാഘവന്‍, സ്‌കൂള്‍ അധ്യാപകനായ അനീഷ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

പ്രതികള്‍ എല്ലാവരും 50000 രൂപ ജാമ്യത്തുക കെട്ടിവക്കണം. മുഖ്യമന്ത്രിയുടെ വാഹനത്തിന് കേട്പാടുകള്‍ പറ്റിയതിനാല്‍ ആണിത്. ഈ തുക മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കെട്ടിവക്കേണ്ടതെന്നും കോടതി അറിയിച്ചു.
കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നേരെയാണ് അക്രമം ഉണ്ടായതെങ്കിലും മുഖ്യമന്ത്രിയുടെ മൊഴിമാത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു സാംസ്‌കാരിക മന്ത്രി കെസി ജോസഫ്, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരില്‍ നിന്നാണ് മൊഴി എടുത്തിട്ടുള്ളത്.
കണ്ണൂരില്‍ പോലീസ് സംസ്ഥാന കായിക മേളയുടെ സമാപന ചടങ്ഹിനെത്തിയ മുഖ്യമന്ത്രിയുടെ കാറിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. മുഖ്യമന്ത്രിയുടെ നെറ്റിയില്‍ മുറിവേറ്റു. കല്ല് കൊണ്ട് നെഞ്ചിന് ക്ഷതം പറ്റിയ മുഖ്യമന്ത്രി ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.












Click it and Unblock the Notifications