ബാര്‍ കോഴ; അപ്പീല്‍ നല്‍കണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി മാണിക്കെതിരെയും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ പോളിനെതിരെയും വിജിലന്‍സ് കോടതി നടത്തിയ വിധിക്കെതിരെ സ്‌റ്റേ സമ്പാദിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. സര്‍ക്കാര്‍ നേരിട്ട് അപ്പീലിനു പോകാതെ വിജിലന്‍സ് വഴി അപ്പീല്‍ നല്‍കി അനുകൂല വിധി സമ്പാദിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം.
അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കാനാണ് വിജിലന്‍സ് അപ്പീല്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി വിജിലന്‍സ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അടുത്തദിവസം തന്നെ അപ്പീല്‍ നല്‍കുന്നതിന് അനുമതി നല്‍കുമെന്നാണ് വിവരം.

കേസില്‍ സര്‍ക്കാരും മന്ത്രി കെ.എം മാണിയും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അപ്പീല്‍ നല്‍കേണ്ടെന്നാണ് നിയമോപദേശം. അപ്പീല്‍ നല്‍കുന്നത് മാണിയെ രക്ഷിക്കാനാണെന്ന പ്രചരണമുണ്ടായാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യുഡിഎഫും കണക്കു കൂട്ടുന്നു. തെരഞ്ഞെടുപ്പിന് ശേഷം വിജിലന്‍സ് കോടതി വിധി റദ്ദാക്കാന്‍ മാണി അപ്പീല്‍ നല്‍കിയേക്കും.
ധനമന്ത്രി കെ എം മാണി കോഴവാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ തുടരന്വേഷണം എസ് പി സുകേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. സുകേശന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് തള്ളാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വിന്‍സന്റ് പോളിനെതിരെ കോടതി ഉയര്‍ത്തിയ ആരോപണം.












Click it and Unblock the Notifications