ആ ശബ്ദം സുരേന്ദ്രന്റേത് തന്നെ; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേത് തന്നെ. ശാസ്ത്രീയ പരിശോധനയിലൂടെ ഫോറന്‍സിക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് കെ സുരേന്ദ്രന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താനായിരുന്നു ശബ്ദ പരിശോധന നടത്തിയത്.

കെ സുരേന്ദ്രന്‍, ജെ ആര്‍ പി നേതാവ് സി കെ ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍, സി കെ ജാനു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് 35 ലക്ഷം രൂപ കോഴ നല്‍കി എന്നാണ് കേസ്. പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു.

സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ആയിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍. രണ്ടാം പ്രതി സി കെ ജാനുവാണ്.

സുരേന്ദ്രന്‍ സി കെ ജാനുവിന് പണം കൈമാറി എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കി എന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി കെ ജാനുവിന് കൈമാറി എന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications