'കറുത്ത കുട്ടികൾ വന്നാൽ പരിശീലിപ്പിക്കും, പക്ഷേ മത്സരത്തിന് വിടില്ല'; നിലപാടിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ
തിരുവനന്തപുരം: ആർഎൽവി രാധാകൃഷ്‌ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിന്ന് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ മോഹനിയാട്ടം കളിക്കേണ്ടെന്ന് നിലപാട് അവർ വീണ്ടും ആവർത്തിച്ചു. കടുത്ത പ്രതിഷേധങ്ങൾ പല ഭാഗത്ത് നിന്ന് ഉയർന്നിട്ടും ഖേദപ്രകടനം നടത്താനോ, പ്രസ്‌താവന പിൻവലിക്കാനോ അവർ തയ്യാറായില്ലെന്ന് മാത്രമല്ല മാധ്യമങ്ങളോട് സംസാരിക്കവേ വിഷയത്തിൽ കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും ചെയ്‌തു.
മോഹനിയാട്ടം കളിക്കുന്നവർക്ക് നല്ല സൗന്ദര്യം വേണമെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നിങ്ങളുടെ മേഖലയല്ലെന്നും, ഞാൻ സൗന്ദര്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും അവർ മാധ്യമ പ്രവർത്തകരെ ഓർമ്മപ്പെടുത്തി. 'സൗന്ദര്യമില്ലാത്ത ഒരു കുട്ടിക്ക് ഒന്നാം സ്ഥാനം കൊടുത്തിട്ട് കാലിക്കറ്റ് സർവകലാശാലയിൽ എനിക്ക് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. കറുത്ത കുട്ടികൾ പരിശീലനത്തിന് വന്നാൽ പഠിപ്പിക്കും, പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയും. ക്ഷേത്രങ്ങളിലും മറ്റും കളിച്ചോ, മത്സരത്തിന് പോകുമ്പോൾ സൗന്ദര്യത്തിന് ഒരു കോളമുണ്ട് എന്നാണ് പറയാറ്' അവർ നിലപാട് ആവർത്തിച്ചു.

മോഹിനിയാട്ടം സ്ത്രീകൾക്ക് ഉള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി. മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനൻ ആകരുത്. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ഒരിക്കലും ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ?; അഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും സത്യഭാമ വ്യക്തമാക്കി.
ഒരുപാട് കലാകാരന്മാരുണ്ട് ഇവിടെ. അവരിൽ ചിലർക്ക് കറുത്ത പയ്യനും പെണ്ണും മോഹനിയാട്ടം കളിക്കുന്നതിൽ വിരോധമുണ്ടാവില്ല. അവർ അത് കൊണ്ടുനടന്നോട്ടെ. ഞാൻ എന്റെ അഭിപ്രായമല്ലേ പറഞ്ഞത്. ഞാൻ ആരെയും വ്യക്തിപരമായി പരാമർശിച്ചിട്ടില്ല. തേജോവധം ചെയ്‌തിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതവും പറഞ്ഞിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഒരു യൂട്യൂബ് ചാനലിന് നൽകിയ സത്യഭാമയുടെ അഭിമുഖമാണ് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. ആർഎൽവി രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും, മോഹിനിയാട്ടം കളിയ്ക്കാൻ പറ്റിയതല്ലെന്നും അവർ പറഞ്ഞിരുന്നു. ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ നല്ല സൗന്ദര്യം വേണം. ഇവനെ കണ്ടാല്‍ ദൈവം പോലും, എന്തിന് പെറ്റ തള്ള പോലും സഹിക്കില്ലെന്നും അവർ അധിക്ഷേപിച്ചിരുന്നു.
ഇതോടെ സത്യഭാമയുടെ നിലപാടിനെതിരെ വലിയ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചലച്ചിത്ര നടൻ ഹരീഷ് പേരടി ഉൾപ്പെടെയുള്ളവർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആർഎൽവി രാമകൃഷ്‌ണന് പിന്തുണ അറിയിച്ചിരുന്നു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും, ഇത്തരം ജീർണിച്ച മനസുള്ള ആളുകൾ ഉള്ളതിനാൽ ഒരു പട്ടികജാതി കലാകാരനായ തനിക്ക് മുന്നോട്ട് പോവാൻ കഴിയുന്നില്ലെന്നും രാമകൃഷ്‌ണൻ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications