'ആദ്യം വളകളില്‍... പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിച്ചു.. '; രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്തില്‍ നിന്ന് ദുരനുഭവമുണ്ടായി എന്ന് ശ്രീലേഖ മിത്ര പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തില്‍ ഒരു ചെറിയ അതിഥി വേഷം ഞാന്‍ ചെയ്തിരുന്നു. അതിന് ശേഷമാണ് എനിക്ക് ഈ ഒരു ഓഫര്‍ ലഭിച്ചത്. ആ സമയം മാനസികമായി ഞാന്‍ വളരെ മോശം അവസ്ഥയിലായിരുന്നു. എന്നോട് കൊച്ചിയിലേക്ക് വരാനായി പറഞ്ഞു. ഓഡിഷനും എന്റെ വര്‍ക്കും കണ്ട ശേഷം അവര്‍ എനിക്ക് ടിക്കറ്റ് അയച്ചുതന്നു. കൊള്ളാവുന്ന ഒരു ഹോട്ടലിലാണ് എനിക്ക് താമസവും ശരിയാക്കിയത്.

ഞാന്‍ രാവിലെ സംവിധായകനുമായി സംസാരിച്ചു. ഫോട്ടോഷൂട്ട് എടുത്തു. സംവിധായകന്റെ പേര് രഞ്ജിത് ആണ്. പാലേരി മാണിക്യം ആണ് സിനിമ എന്നാണ് തോന്നുന്നത്. മമ്മൂട്ടിക്കൊപ്പമായിരുന്നു ആ ചിത്രം എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച് മലയാള സിനിമകള്‍ എനിക്ക് ഇഷ്ടവുമാണ്. വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ എത്തിയത്.
രാവിലെ സംവിധായകനുമായി സംസാരിച്ച ശേഷം വൈകീട്ട് വീണ്ടും വിളിപ്പിച്ചു. നിര്‍മാതാവും ക്രൂ അംഗങ്ങളും വരുന്നുണ്ട് എന്ന് പറഞ്ഞു. അവിടെ എത്തിയപ്പോള്‍ കുറെ പേരുണ്ടായിരുന്നു. അതിനിടയില്‍ ഞാന്‍ മുന്‍പ് വര്‍ക്ക് ചെയ്ത സിനിമാറ്റോഗ്രാഫറുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം എന്നെ അവിടെ നിന്ന് റൂമിലേക്ക് വിളിച്ചു. അവിടെ ഒരുപാട് ആളുകളും ബഹളവുമൊക്കെയുള്ളത് കൊണ്ട് എന്നോട് അവിടെ നിന്ന് മാറാം പറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്.
ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. റൂം കടന്ന് ബാല്‍ക്കണിയിലേക്ക് അദ്ദേഹം പോയി. ഞാനും പിന്തുടര്‍ന്നു. ഞാന്‍ ആ സമയം ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചുരിദാറായിരുന്നു എന്റെ വേഷം. ഒരുപാട് വളകള്‍ എന്റെ കൈയിലുണ്ടായിരുന്നു. അദ്ദേഹം എന്റെ അരികത്ത് നിന്ന് വളകളിലെല്ലാം തൊടാന്‍ തുടങ്ങി. ആകസ്മികമായി എന്റെ കൈകളിലും തൊട്ടു. സ്ത്രീകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ട്.
സ്വയം സംരക്ഷിക്കേണ്ടതുണ്ട് എന്നത് അറിയാം. അദ്ദേഹത്തിന്റെ പ്രവൃത്തി എനിക്ക് അസ്വസ്ഥയുണ്ടാക്കി. എന്നാല്‍ വളകളോടുള്ള കൗതുകമാണ് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം അപ്പോള്‍ അദ്ദേഹത്തിന് നല്‍കി. പക്ഷെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അവിടം ഇരുണ്ട ലൈറ്റായിരുന്നു. ഞാന്‍ കൈ വലിക്കുന്നില്ലെന്നും എതിര്‍ക്കുന്നില്ലെന്നും കണ്ടപ്പോള്‍ മുടിയിലും കഴുത്തിലും തൊടാന്‍ തുടങ്ങി.
അപ്പോള്‍ ഞാന്‍ എതിര്‍ത്തു. അവിടെ നിന്നിറങ്ങി പോയി. ഇത് തന്റെ സ്ഥലമല്ലെന്നും ഇവിടെ ജോലി ചെയ്യേണ്ടെന്നും ഞാന്‍ ഉറപ്പിച്ചു. അസോസിയേറ്റ് ഡയറക്ടറെ വിൡച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അവരുടെ കൈയില്‍ റൂമിന്റെ മാസ്റ്റര്‍ കീ ഉണ്ടാകാം, പത്ത് പേര്‍ ഒരുമിച്ച് വന്നാല്‍ വാതില്‍ തള്ളി തുറന്നാല്‍ എന്ത് സംഭവിക്കും എന്നതൊക്കെയായിരുന്നു എന്റെ ചിന്ത.
നിര്‍മാതാവിനെ വിളിച്ച് എനിക്ക് തിരിച്ചുപോകാന്‍ ടിക്കറ്റ് ഏര്‍പ്പാടാക്കണമെന്നും ഞാന്‍ താങ്കളുടെ വര്‍ക്ക് ചെയ്യാനാണ് എത്തിയത് എന്നും പറഞ്ഞു. പക്ഷെ എനിക്ക് ടിക്കറ്റോ മറ്റ് സൗകര്യങ്ങളോ ചെയ്ത് തന്നില്ല. ആ സിനിമയിലും മറ്റ് മലയാളം സിനിമകളിലും എനിക്ക് അവസരം ലഭിച്ചില്ല. ഇത് മലയാളം സിനിമയിലെ മാത്രം കാര്യമല്ല. എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ട്,' ശ്രീലേഖ പറഞ്ഞു.
അതേസമയം ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്രയെ ഓഡീഷന് വിളിച്ചിരുന്നു എന്നും കഥാപാത്രത്തിന് അനുയോജ്യമല്ലാത്തിനാല്‍ പരിഗണിച്ചില്ല എന്നുമാണ് രഞ്ജിത്ത് പറയുന്നത്.












Click it and Unblock the Notifications