ഏഴ് ജില്ലകള്‍, 19 ദിവസം: ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം,കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. സെപ്റ്റംബര്‍ 11ന് രാവിലെ 7ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.മുരളീധരന്‍ എംപി, തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്രകടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍,കര്‍ഷകര്‍,യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകും. യാത്രയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം,രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കല്‍,പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക, ഭക്ഷണം,താമസം എന്നിവ ക്രമീകരിക്കുക, യാത്ര വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം സംഘടിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കും ചിട്ടയുമായി യാത്രയെ മുന്നോട്ട് നയിക്കുക,പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക, നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി കെപിസിസി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഓണ്‍ ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കെപിസിസി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പാര്‍ട്ടി ജില്ലാ കേന്ദ്രങ്ങളില്‍ സ്വാഗതസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications