എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും... കോണ്‍ഗ്രസിന് മുന്നില്‍ ഒരൊറ്റ വഴി മാത്രം; അഖില്‍ മാരാര്‍
കോഴിക്കോട്: ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍. കഴിവില്ലാത്ത പ്രതിപക്ഷമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം സമ്മാനിക്കുക എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അഖില്‍ മാരാറിന്റെ പ്രതികരണം. വയനാട് പുനരധിവാസ പദ്ധതി വൈകുന്നതിലും അഖില്‍ വിമര്‍ശനം ഉന്നയിച്ചു.
750 കോടി കൈയില്‍ ഉണ്ടായിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത് ചെയ്ത് കൈയടി നേടാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത് എന്നും അഖില്‍ മാരാര്‍ ആരോപിച്ചു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് പക്ഷം ജയിക്കും. കാരണം അത്രയേറെ ചിന്താശേഷി ഇല്ലാത്ത ഒരു പ്രതിപക്ഷമാണ് നമുക്കുള്ളത്. എങ്ങനെയാണു കമ്മ്യൂണിസ്‌റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നതെന്ന് ഞാന്‍ പറയാം. നിലവില്‍ വലിയ ഭരണ വിരുദ്ധ വികാരം ആണ് പിണറായി സര്‍ക്കാരില്‍ ഉള്ളത്. ഏതാണ്ട് ഇത് പോലെ ആയിരുന്നു 2016 മുതല്‍ 2020 വരെയും. എന്നാല്‍ കോവിഡ് വന്നു.
സാഹചര്യം മാറി. ജനം എല്ലാം മറന്നു. പിണറായി പുണ്യാളന്‍ ആയി. 750 കോടി കൈയില്‍ ഉണ്ടായിട്ടും നിരവധി ഓഫറുകള്‍ ലഭിച്ചിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് ആ മനുഷ്യരെ ഇങ്ങനെ വലയ്ക്കുന്നത്. അവിടെയാണ് പാര്‍ട്ടിയുടെ ബുദ്ധി. 2025 പകുതിക്ക് ശേഷം വയനാട്ടില്‍
കാര്യങ്ങള്‍ ചെയ്ത് തുടങ്ങും.
2026 മാര്‍ച്ച് മാസത്തോടെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. അതോടെ പാവങ്ങളുടെ കണ്ണീര്‍ ഒപ്പിയ പിണറായി മഹാന്‍ ആയി മാറും. ഏകദേശം ഈ വര്‍ഷം അവസാനത്തോടെ ദേശീയ പാത വികസനം കേന്ദ്രം പൂര്‍ത്തിയാക്കും. പിആര്‍ ആശാന്‍ ആയ മരുമോന്‍ മന്ത്രി സകല പെരിങ്ങോടാന്മാരെയും വെച്ച് നാട് മുഴുവന്‍ പാടി അറിയിക്കും. ഇടത് സര്‍ക്കാരിന്റെ നേട്ടം. വയനാടിന് വേണ്ടി നല്ലത് ചെയ്ത സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ, ഇല്ല.
നാഷണല്‍ ഹൈവേ മോദിയുടെയും നിധിന്‍ ഖഡ്ഗരിയുടെയും ഇശ്ച ശക്തിയുടെ വിജയം ആണെന്ന് കോണ്‍ഗ്രസിന് പറയാന്‍ പറ്റുമോ. ഇല്ല. പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതിനേക്കാള്‍ ഉപരി ഓരോ മണ്ഡലങ്ങളിലും സിപിഎം മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അപ്പുറത്തു അധികാര കൊതി മൂത്ത കടല്‍ കിഴവന്മാര്‍ സീറ്റിന് വേണ്ടി പരസ്പരം കൊത്തി കീറും.
ജയിച്ചാല്‍ മുഖ്യമന്ത്രി ആവണം എന്ന് മനസ്സില്‍ ആഗ്രഹമുള്ള ഓരോരുത്തരും പാര്‍ട്ടിയിലെ തന്റെ എതിരാളികളെ തോല്‍പ്പിക്കാന്‍ കൂടുതല്‍ ആഗ്രഹിക്കും. ഇന്നലെകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത പലരും മരണപ്പെട്ടു പോകുമ്പോള്‍ പുതിയ തലമുറയെ ഒരു രീതിയിലും ഈ പാര്‍ട്ടി ആകര്‍ഷിക്കുന്നില്ല അവര്‍ക്കാണെങ്കില്‍ രാഷ്ട്രീയം തീരെ താല്‍പര്യവുമില്ല അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാസമുള്ള നേതാക്കന്മാര്‍ ഷാഫി, രാഹുല്‍, മാത്യു കുഴല്‍നാടന് ഒഴിച്ച് ആരുമില്ല എന്ന അവസ്ഥയില്‍ ആയി പ്രതിപക്ഷ നിരയില്‍.
അതിനേക്കാള്‍ ഉപരി ഇടത് പക്ഷത്തെ വീണ്ടും അധികാരത്തില്‍ എത്തിച്ചു നശിപ്പിക്കാനും അധികാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ മാറ്റി നശിപ്പിക്കാനും ചാണക്യ തന്ത്രങ്ങള്‍ ബിജെപി യും ഒരുക്കുന്നു. അത് കൊണ്ട് എത്രയും വേഗം പാര്‍ട്ടിയെ ചടുലമാക്കു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥിയെ 6 മാസം മുന്‍പ് തീരുമാനിക്കണം. അയാള്‍ക്ക് എല്ലാ വാര്‍ഡിലെയും 100 വീടുകളില്‍ നിന്ന് 150 രൂപ മാസം നല്‍കണം.
15000 രൂപ മാസം ലഭിക്കുന്ന ഈ നിയുക്ത സ്ഥാനാര്‍ഥി പൂര്‍ണ സമയം പാര്‍ട്ടിക്ക് വേണ്ടിയും അന്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുക. പഞ്ചായത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തി പൊതു മധ്യത്തില്‍ എത്തിക്കുക. പാര്‍ട്ടി അത് ഏറ്റെടുക്കുക. വിശ്വാസം ഉള്ള ഒരുവന്‍ വിചാരിച്ചാല്‍ രാഷ്ട്രീയം നോക്കാതെ ജനം അവന്റെ കൂടെ നിക്കും. ഓരോ വാര്‍ഡും പിടിച്ചെടുത്താല്‍ പഞ്ചായത്ത് നിയമസഭ പതിയെ കൂടെ വരും.
നാളെ മുതല്‍ ഈ സര്‍ക്കാരിന്റെ ചെയ്തികളെ ചര്‍ച്ച ആക്കുക. വയനാട്ടിലെ ജനങ്ങള്‍ക്ക് അര്‍ഹമായ നീതി എത്രയും പെട്ടെന്ന് നേടികൊടുക്കുക. സര്‍ക്കാര്‍ ചെയ്തതല്ല എന്നും പ്രതിപക്ഷം നേടി കൊടുത്തതാണ് എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക കേന്ദ്ര പദ്ധതികള്‍ അഭിമാനത്തോടെ പിണറായി വിജയന്റെ അല്ല എന്ന് കോണ്‍ഗ്രസ്സിന്റെ നേതാകള്‍ക്ക് പറയാന്‍ കഴിയണം
ജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അടിസ്ഥാനം. സ്വീകരിക്കാം തള്ളിക്കളയാം. ഇടത് പക്ഷം നിലനില്‍ക്കാനും ഈ നാടിനു ഗുണം ഉണ്ടാവാനും ഭരണം മാറുന്നതാണ് നല്ലത്..'












Click it and Unblock the Notifications