മിഥുനെതിരെ വുഷു അസോസിയേഷന്‍ നടപടിയിലേക്ക്?: ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടെന്നും ആരിഫ് സിപി
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അനിയന്‍ മിഥുനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് സിപി ആരിഫ്. വിഷയത്തില്‍ ഏഷ്യാനെറ്റ് ചാനലിന് നോട്ടീസ് നല്‍കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അന്തർദേശീയ വുഷു ജഡ്ജും അസോസിയേഷന്‍ ഭാരവാഹി കൂടിയുമാണ് ഡോ. ആരിഫ് സിപി. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അനിയന്‍ മിഥുന്റെ വാദങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.
ആരിലൂടെയാണെങ്കിലും വുഷു എന്ന കായിക ഇനം പ്രചരിപ്പിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ അദ്ദേഹം നേരായ വഴിയിലൂടെയാണ് പോകുന്നതെങ്കില്‍ നമുക്ക് അംഗീകാരമായിരുന്നു. വുഷുവിന്റെ കാര്യത്തില്‍ മാത്രമല്ല, അദ്ദേഹം പറഞ്ഞ പട്ടാളക്കഥയും വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മേജർ രവി ഉള്‍പ്പടേയും രംഗത്ത് വന്നത് കണ്ടു. മോഹന്‍ലാല്‍ ഈ വിഷയം അനിയന്‍ മിഥുനോട് നേരിട്ട് ചോദിച്ചെങ്കില്‍ തന്റെ വാദത്തില്‍ അവന്‍ ഉറച്ച് നില്‍ക്കുകയാണ്.

അനിയന്‍ മിഥുന്‍ ഒരു വുഷു താരമായിരിക്കാം. പക്ഷെ ഏതെങ്കിലും സംഘടനയുടെ അംഗീകാരമുള്ള കളിക്കാരനല്ല. അനിയന്‍ മിഥുനെതിരെ നിയമപരമായി നീങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെഡറേഷന്‍ ആലോചിച്ച് തീരുമാനിക്കും. വുഷു എന്ന പദം ഉപയോഗിക്കുന്നതിന് മുമ്പ് അദ്ദേഹം കുറച്ച് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടായിരുന്നുവെന്നും അഷ്റഫ് സിപി വ്യക്തമാക്കുന്നു
ഏതെങ്കിലും തരത്തിലുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോച്ചിങ് രംഗത്ത് മിഥുന് കിട്ടിയിട്ടുണ്ടോയെന്നും അറിയില്ല. അതില്ലാതെ ട്യൂഷന്‍ എടുക്കുന്നത് പോലെ തനിക്ക് അറിയുന്ന കാര്യങ്ങള്‍ അവന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടാവാം. എന്നാല്‍ ഇതുപോലൊരു ഗെയിമില്‍ പരിശീലനം നല്‍കുന്നതിന് അംഗീകൃത സർട്ടിഫിക്കറും പൊലീസിന്റെ അനുമതിയും ആവശ്യമാണ്. അതോടൊപ്പം തന്നെ സ്പോർട്സ് കൗൺസിൽ അംഗീകാരവും വേണം.
മിഥുനിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് പറയാനുള്ളത്. തങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ അവർ വിശ്വസിക്കുകയായിരുന്നു. മാധ്യമങ്ങള്‍ സത്യം അറിയാതെ പ്രമോട്ട് ചെയ്യുകയായിരുന്നു. വളരേയേറെ കഷ്ടപ്പെട്ടാണ് ഒരു മത്സരാർത്ഥി വുഷു രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഇതിന് പലഘട്ടങ്ങളുമുണ്ട്. എന്നാല്‍ അതൊന്നും ഇല്ലാതെയാണ് ലോകചാമ്പ്യനാണെന്ന് പറയുന്നതെന്നും അഷ്റഫ് സി പി പറയുന്നു.

ഇനിയിപ്പോള്‍ വുഷു രംഗത്ത് കഴിവുള്ള വ്യക്തിയാണെങ്കില്‍ നൂറ് ശതമാനം അദ്ദേഹത്തിനൊപ്പം നില്‍ക്കും. ഇതുവരേയുള്ള അദ്ദേഹത്തിന്റെ മാർഗ്ഗം ശരിയായിരുന്നില്ലെന്നാണ് പറയുന്നത്. അടുത്ത് തന്നെ സംസ്ഥാനതലത്തിലെ മത്സരം കോഴിക്കോട് നടക്കുന്നുണ്ട്. തൃശ്ശൂർ ജില്ല അനുവദിക്കുകയാണെങ്കില്‍ അവന്‍ വന്ന് മത്സരിക്കട്ടെ. വിജയിക്കുകയാണെങ്കില്‍ ദേശീയ തലത്തിലേക്കും പോവാം.
ഒരു സ്പോർട്സ്മാന്‍ പറയാന്‍ പാടില്ലാത്ത പലകാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അച്ചടക്കമാണ് സ്പോർട്സ്. എതിരാളികളെ മത്സരിച്ച് തോല്‍പ്പിക്കാം. എന്നാല്‍ വൈരാഗ്യം തീർക്കാന്‍ പാടില്ല. ഒരിക്കലും മനഃപ്പൂർവ്വം പരിക്കേല്‍പ്പിക്കാന്‍ പാടില്ലെന്നാണ് വുഷു നിയമം പറയുന്നത്. ആദ്യവും അവസാനവും എതിരാളിയെ ബഹുമാനിക്കണം. എതിരാളിയെ മാത്രമല്ല, അദ്ദേഹത്തിന്റെ കോച്ചിനേയും ബഹുമാനിക്കണം.
കുങ്ഫുവിന്റെ കായിക ഇനമാണ് വുഷു. ഇതിന്റെ പ്രധാന കേന്ദ്രം ചൈനയുടെ തലസ്ഥാനമായ ബീജിങ്ങാണ്. ഉയർന്ന തലത്തിലുള്ള പരിശീലനമൊക്കെ അവിടെ വെച്ചാണ് നടക്കുന്നത്. തവലു, സാന്‍ഡ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. കരാട്ടയില്‍ കത്തയൊക്കെ ചെയ്യുന്നത് പോലെ പെർഫോമിങ് ഇനമാണ് തവലു. ഒരാള്‍ മാത്രാണ് അത് ചെയ്യുന്നത്. സാന്‍ഡയാണ് ഫൈറ്റ്. പഞ്ച്, കിക്ക്, മലർത്തിയടി തുടങ്ങി മൂന്ന് മത്സര രീതികളാണ് സാന്‍ഡയില്‍ വരുന്നത്. വയസ്സ്, ഭാരം അടിസ്ഥാനമാക്കിയാണ് വുഷുവിലെ മത്സരങ്ങള്‍ നടക്കുന്നതെന്നും സി പി അഷ്റഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications