മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യനെ ഇസ്രായേല്‍ തിരിച്ചയച്ചു; പുലര്‍ച്ചെ കോഴിക്കോടെത്തും...
കര്‍ഷകനെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ബിജു കുര്യന്‍ മറുപടി പറയേണ്ടിവരും

കണ്ണൂര്‍: സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രായേലിലെത്തിയ ശേഷം മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യനെ മടക്കി അയച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് ടെല്‍ അവീവിലെ വിമാനത്താവളത്തില്‍ നിന്ന് ഇയാള്‍ നാട്ടിലേക്ക് തിരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. ബിജുവിനെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ബിജു മറുപടി പറയേണ്ടി വരും.
സംസ്ഥാനത്ത് നിന്നുള്ള സര്‍ക്കാരിന്റെ കര്‍ഷക പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടാണ് ബിജു കുര്യന്‍ ഇസ്രായേലിലേക്ക് പോയത്. 27 കര്‍ഷകരടങ്ങുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഇയാള്‍. ടെല്‍ അവീവിലെത്തിയ ശേഷം ഫെബ്രുവരി 17ന് ഭക്ഷണം കഴിക്കാന്‍ മറ്റൊരിടത്തേക്ക് പോകവെ ബിജു ബസില്‍ കയറിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മുങ്ങിയതായി സ്ഥിരീകരിച്ചത്.
പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കവെയാണ് മറ്റു വഴിയില്ലാത്തതിനാല്‍ ബിജു തിരിച്ചുപോരുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇയാളെ കണ്ടെത്തിയത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജുവിനെ തിരിച്ചയച്ചുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ രാജീവ് ബോഖ്‌ഡേ കൃഷി വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിനാണ് ടെല്‍ അവീവില്‍ നിന്ന് വിമാനം പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.
ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി സ്ഥിരീകരിച്ചിരുന്നു. സഹോദരന്‍ ഇക്കാര്യം അറിയിച്ചുവെന്ന് മന്ത്രി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ കാണാനാണ് ബിജു സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് പോയത് എന്ന് കരുതുന്നു. ജറുസലേം, ബത്‌ലഹേം എന്നിവ കാണുകയായിരുന്നു ലക്ഷ്യമത്രെ. നയതന്ത്ര തലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് ബിജുവിന് നാട്ടിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
ബിജുവിന് സഹായം നല്‍കരുതെന്ന് ഇസ്രായേലിലുള്ള മലയാളികളോട് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. വിശുദ്ധ കേന്ദ്രങ്ങള്‍ കാണാനാണ് പോയത് എന്ന് പറയുന്നത് നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കരുതെന്ന് ബിജുവിന്റെ സഹോദരന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതികാര നടപടിയുണ്ടാകില്ലെന്ന് കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് സംഘത്തെ അറിയിക്കാതെ മുങ്ങി എന്നതിന് വ്യക്തമായ ഉത്തരം ബിജു നല്‍കേണ്ടി വരും. മാത്രമല്ല, മുങ്ങിയ ശേഷം പോയ സ്ഥലങ്ങള്‍, കണ്ട വ്യക്തികള്‍ എന്നിവരെ കുറിച്ചെല്ലാം വ്യക്തമായ വിശദീകരണം അറിയിക്കേണ്ടി വരും.












Click it and Unblock the Notifications