വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു; മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, അപലപിച്ച് ദുല്‍ഖിഫില്‍
എസ്എന്‍ഡിഎപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. ബിന്ദു കൃഷ്ണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെയാണ് ഈ പ്രവൃത്തിയെ അപലപിക്കുന്നത് എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിവി ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വാര്‍ത്ത കാണുമ്പോള്‍ നിരാശയും പ്രതിഷേധവുമാണ് പ്രവര്‍ത്തകര്‍ക്കുള്ളത് എന്നും ദുല്‍ഖിഫില്‍ പറയുന്നു.

ദുല്‍ഖിഫില്‍ വിപിയുടെ കുറിപ്പ് വായിക്കാം: ''പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കൾ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങൾ. കോൺഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങൾക്ക് ഏറെ സന്തോഷം നൽകിയത്.
എന്നാൽ, ഇന്ന് താങ്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കൾ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങൾ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങൾ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
എസ്എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളിൽ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങൾ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. ആ വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്നും, കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കപ്പുറം മതേതര നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്നത് ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വർഗീയതയ്ക്കെതിരെയും തെരുവിൽ പോരാടുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് എപ്പോഴും ആവേശം നൽകേണ്ടത് താങ്കളെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.
താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്കും കോൺഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിർത്താൻ താങ്കൾക്ക് കഴിയണം. ഈയൊരു വിഷയം ഉൾക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ യഥാർത്ഥ മതേതര പാരമ്പര്യം താങ്കൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉചിതമായ നിലപാടുകൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.''














Click it and Unblock the Notifications