• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്നെ വേട്ടയാടിയത് നോക്കിയാൽ അരിതയ്‌ക്കൊന്നും പിടിച്ച് നിൽക്കാനാവില്ല', മറുപടിയുമായി ബിനീഷ് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ഇടത് അനുകൂലികളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയ അരിത ബാബുവിന് മറുപടിയുമായി ബിനീഷ് കോടിയേരി. കായംകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു അരിതാ ബാബു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി വേട്ടയാടുന്ന പ്രവണത തുടര്‍ന്ന് പോരുന്നത് കോണ്‍ഗ്രസുകാരാണ് എന്ന് ബിനീഷ് കോടിയേരി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പിഎ മുഹമ്മദ് റിയാസും മുതല്‍ താന്‍ വരെ ഉളളവര്‍ ഈ വേട്ടയാടലിന് ഇരകളാണ് എന്നും ബിനീഷ് ചൂണ്ടിക്കാട്ടുന്നു. സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട്‌ വേണം, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ എന്നും അരിതാ ബാബുവിനുളള മറുപടിക്കുറിപ്പിൽ ബിനീഷ് കോടിയേരി പറയുന്നു.

1

ബിനീഷ് കോടിയേരിയുടെ പ്രതികരണം: '' ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ, കായംകുളത്ത്‌ നിന്ന് യു.ഡി.എഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ച കുമാരി. അരിതാ ബാബു മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ വായിച്ചു. "ഉരുൾ ചെന്ന് മദ്ദളത്തോട്‌" പരാതി പറയുന്നതായേ ആ കത്ത്‌ വായിച്ചിട്ട്‌ തോന്നിയുള്ളൂ. കാലങ്ങളായി, ഒരു അടിസ്ഥാനവുമില്ലാത്ത, വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങൾ നേരിട്ട്‌ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയൻ. ആരുടെയോ ഭാവനയിൽ വിരിഞ്ഞ "കമല ഇന്റർനാഷണൽ" എന്ന സാങ്കൽപ്പിക സൃഷ്ടിയുടെ പേരിൽ വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും വേട്ടയാടപ്പെട്ടു.

2

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് ബഹു:പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി സഖാവ്‌ മുഹമ്മദ്‌ റിയാസ്‌. പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്‌. ഇത്തവണ അദ്ദേഹത്തെ പാർലമെന്ററി രംഗത്തേക്ക്‌ നിയോഗിച്ചു. ബേപ്പൂരിൽ നിന്ന് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ്‌ മുഹമ്മദ്‌ റിയാസിനെ, ഡി.വൈ.എഫ്‌.ഐ രംഗത്തെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതല നൽകി, മന്ത്രിസഭയിൽ അംഗമാക്കി. ഏറ്റവും മികവുറ്റ രീതിയിൽ ഇന്ന് ആ വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നുണ്ട്‌.

3

എന്നാൽ കോൺഗ്രസ്‌ നേതാക്കളുടെ ഭാഷയിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായതിന്റെ പേരിൽ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്. കെ.പി.സി.സി പ്രസിഡന്റ്‌ ട്വിറ്ററിൽ നിന്ന് മുക്കിയ കത്തിൽ പോലും ഈ പരാമർശ്ശങ്ങളുണ്ട്‌. ഇത്തരത്തിൽ നിരവധി വ്യക്തിപരമായി അക്രമങ്ങൾ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നേരിട്ടുണ്ട്‌; ഇന്നും നേരിട്ട്‌ കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനെ പോലും പരിഹസിച്ച്‌ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തിയ ജാതി അധിക്ഷേപങ്ങൾ അരിതാ ബാബുമാർ സൗകര്യപൂർവ്വം മറക്കുന്നുണ്ട്‌.

4

സ്വന്തം വീടിന് തീവച്ച്‌, അത്‌ സി.പി.ഐ.എം പ്രവർത്തകരുടെ മേൽ കെട്ടിവയ്ക്കാൻ നോക്കിയ പാറശാലയിൽ നിന്നുള്ള നേതാവ്‌, കോവിഡ്‌ മാനദണ്ഡം ലംഘിച്ചത്‌ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു നിരപരാധിയായ യുവാവിനെ കുടുക്കാനായി, തന്നെ കൈയ്യേറ്റം ചെയ്തു എന്ന് പരാതിപ്പെട്ട പാലക്കാട്‌ നിന്നുള്ള വനിതാ നേതാവ്‌, കെ.റെയിൽ വിഷയത്തിൽ കണ്ണൂരിൽ നാട്ടുകാർ കൈയ്യേറ്റം ചെയ്തപ്പോൾ മാല പൊട്ടിച്ചു എന്ന വ്യാജ പരാതി ഉന്നയിച്ച യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌.!! അങ്ങനെ ഐക്യധാർഢ്യം പ്രകടിപ്പിച്ച്‌ കൊണ്ട്‌ വന്നവരും വരേണ്ടവരും എല്ലാം ഉയർത്തുന്നത്‌ നല്ല അസ്സൽ ഇരവാദമാണ്. നിങ്ങൾക്കൊപ്പമുള്ളവർ ഇരയ്ക്കൊപ്പവും, അതേ സമയം വേട്ടക്കാരുടെ വേഷം തകർത്താടുന്നവരുമാണ്.

5

ഇന്നേ വരെ, പാർലമെന്ററി രംഗത്ത്‌ കടന്ന് വന്നിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി ഞാൻ വേട്ടയാടപ്പെടുന്നുണ്ട്‌. കാലങ്ങളായി സോഷ്യൽ മീഡിയയിൽ, മാസ്‌ അറ്റാക്കിംഗ്‌ എനിക്കെതിരെ നടക്കുന്നുണ്ട്‌. അതിനെയെല്ലാം അതിജീവിച്ച്‌ തന്നെയാണ് നിൽക്കുന്നത്‌. എന്നാൽ കഴിയുന്ന വിധം സമൂഹത്തിൽ, എന്റെ രാഷ്ട്രീയം ഉയർത്തി പിടിച്ച്‌ തന്നെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്‌. എന്നാൽ, സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവായ സഖാവ്‌ കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിൽ, നിങ്ങളുടെ പാർട്ടി നേതാക്കളിൽ നിന്നും അണികളിൽ നിന്നും നിരവധി അധിക്ഷേപങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്‌.

6

ഇന്ന് വരെ, അതിൽ ഒന്ന് പോലും വസ്തുതാപരമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ഉയർത്തി, എന്നെ ഒക്കെ വേട്ടയാടിയതിനെ തുലനം ചെയ്ത്‌ നോക്കിയാൽ.. അരിതയ്ക്കൊന്നും പിടിച്ച്‌ നിൽക്കാൻ പോലും കഴിയില്ല. ഈ ഒരു പ്രവണത കാലങ്ങളായി തുടർന്ന് പോരുന്നത്‌ നിങ്ങളുടെ പാർട്ടിയാണ്. ഒരു പരിധിക്കപ്പുറം, നിങ്ങളോ നിങ്ങളുടെ നേതാക്കളോ ഇത്തരം ആക്ഷേപങ്ങൾക്ക്‌ ഇരയായിട്ടില്ല. രാഷ്ട്രീയ മര്യാദ നിങ്ങൾ കാണിക്കാത്തിടത്ത്‌, ഞങ്ങൾ കാണിച്ചിട്ടുണ്ട്‌. മിതത്വവും മര്യാദയും ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്‌.

cmsvideo
  Not Rohit Sharma or KL Rahul, Shoaib Akhtar wants THIS player as Team India's new Test captain
  7

  ഒരു തലമുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ ബന്ധുവിനെ വിവാഹം കഴിച്ചയാളും ബന്ധുക്കളും, അവർക്കും പിതാവിനുമെതിരെ ആരോപണങ്ങളുമായി അന്നത്തെ പാർട്ടി സെക്രട്ടറിയെ സമീപിച്ചപ്പോൾ,ഒരു രാഷ്ട്രീയ മുതലെടുപ്പിനും തയ്യാറാകാതെ, അവരുടെ സ്വകാര്യത ചർച്ചയാക്കാൻ തയ്യാറാകാതെ, പരാതിക്കാരേ എ.കെ.ജി സെന്ററിൽ നിന്ന് തിരിച്ച്‌ പറഞ്ഞയച്ച ചരിത്രമാണ് ഞങ്ങൾക്ക്‌ ഓർമ്മിപ്പിക്കുവാനുള്ളത്‌. പ്രിയപ്പെട്ട കുമാരി അരിതാ ബാബു ആദ്യമേ തന്നെ, പുതിയതായി രൂപം കൊടുക്കുന്ന പാർട്ടി സിലബസ്സിൽ ഇത്തരം മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ സ്വന്തം പാർട്ടി നേതൃത്വത്തോട്‌ ആവശ്യപ്പെടണം. കത്തിന്റെ മറുപടി ഏറ്റവും സിമ്പിളായി പറഞ്ഞാൽ ഏതാണ്ട്‌ ഇത്‌ പോലെയിരിക്കും. "സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട്‌ വേണം, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ!"

  English summary
  Bineesh Kodiyeri's reply to Arittha Babu's letter to CM Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X