പക്ഷിപ്പനി: കോഴിക്കോടിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷികളെ കൊന്നൊടുക്കുന്നു
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ വളര്‍ത്തുപക്ഷികളേയും കോഴികളേയും കൊന്നൊടുക്കുന്നതിന് ഇന്ന് തുടക്കമാവും. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ നിന്നുള്ള ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ലാണ് പക്ഷികളെ കൊന്നൊടുക്കുക. രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി പരപ്പനങ്ങാടി - തിരൂരങ്ങാടി നഗരസഭ പരിധികളിലെ കോഴി ഇറച്ചി വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ഒരു കിലോമീറ്റര്‍ പരിധിയിലെ നാലു ഭാഗങ്ങളില്‍ നിന്നുമായി പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേക്ക് എത്തുന്ന രീതിയിലാകും പ്രതിരോധ നടപടി. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്‍ജന്‍മാര്‍, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനം. മാര്‍ച്ച് 16 നുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊല്ലും. അതാത് പ്രദേശങ്ങളില്‍ തന്നെ ഇവയെ സംസ്‌കരിക്കുന്നതാണ് രോഗവ്യാപനം തടയാന്‍ നല്ലത് എന്നതിനാല്‍ അതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നഷ്ടപ്പെടുന്ന കോഴികള്‍ക്കും താറാവുകള്‍ക്കും വളര്‍ത്തു പക്ഷികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കും എന്നതും ജനങ്ങളെ അറിയിച്ച് സഹകരണം ഉറപ്പാക്കാനാണ് ശ്രമം. പക്ഷികളെ കൊന്നൊടുക്കിയതിന് ശേഷമുള്ള മൂന്ന് ദിവസം ശുചീകരണം നടത്തും. കോഴികളുടേത് ഉള്‍പ്പെടെയുള്ള കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എല്ലാം പൂര്‍ണമായും നശിപ്പിക്കും. നിശ്ചയിച്ച ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചാം ദിവസം വീണ്ടും പരിശോധന നടത്തും. ഈ ഘട്ടത്തില്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കണ്ടെത്തിയാല്‍ പിടികൂടി നശിപ്പിക്കും, ഇത്തരത്തില്‍ പിടികൂടുന്നവയ്ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലുമെത്തി. പരപ്പനങ്ങാടി നഗരസഭയിലെത്തിയ ഉദ്യോഗസ്ഥര്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിയും കൗണ്‍സിലര്‍മാരുമായി കൂടിയാലോചന നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലെ നഗരസഭ ഡിവിഷനുകള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തി.
തുടര്‍ന്ന് കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ സഹായിക്കുന്ന നഗരസഭ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. തിരൂരങ്ങാടിയിലെ വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരൂരങ്ങാടി നഗരസഭാ ജീവനക്കാര്‍ക്കും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications