2024 ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; ഇനി 280 മണ്ഡലം കമ്മിറ്റികൾ..അച്ചടക്കവും പ്രധാനം
പാലക്കാട്: 2024 ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാന ബി ജെ പി ഒരുങ്ങി കഴിഞ്ഞുവെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിനായി പാർട്ടി നിയോജക മണ്ഡലം കമ്മിറ്റികൾ പുനക്രമീകരിച്ചതായി സുരേന്ദ്രൻ അറിയിച്ചു. 140 മണ്ഡലം കമ്മിറ്റികളാണ് പുനഃക്രമീകരിച്ചത്. പകരം ഇനി മുതൽ 280 മണ്ഡലം കമ്മിറ്റികളുണ്ടാവുമെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിപ്രവർത്തകരിൽ നിന്നും ലഭിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് സംസ്ഥാന-ജില്ലാ പുനസംഘടനകൾ നടന്നു. ഈ മാസം അവസാനത്തോടെ പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽ വരും. പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാൻ മണ്ഡലം പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസാക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മണ്ഡലം ഭാരവാഹി ഘടനയിൽ വ്യത്യാസമുണ്ടാവില്ല. പാർട്ടിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.കെ-റെയിലിനെതിരായ സമരം ബിജെപി സംസ്ഥാനമാകെ വ്യാപിപ്പിക്കും. കെ-റെയിൽ വിരുദ്ധസമര സമിതികളുമായി ചേർന്നും സമിതി ഇല്ലാത്തിടത്ത് ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കും. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ സമരം നടത്തും, സുരേന്ദ്രൻ പറഞ്ഞു ഈ മാസം 25 ന് ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം പാലക്കാട് പൊതുപ്രവർത്തകനായ യുവാവ് തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടും ജനപ്രതിനിധികൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ എത്താത്തത് വോട്ട്ബാങ്ക് രാഷ്ട്രീയമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇ.ശ്രീധരനെ പരാജയപ്പെടുത്താൻ സി പി എമ്മിലും കോൺഗ്രസിലുമുള്ള മുസ്ലിം ഗ്രൂപ്പുകൾ ഒന്നിച്ചു. ഇവരെ ഭയന്നാണ് ജില്ലയിലെ ജനപ്രതിനിധികൾ സഞ്ജിത്തിന്റെ വീട്ടിൽ എത്താതിരുന്നത്.
കേരളത്തെ വർഗീയമായി വിഭജിച്ച് ലാഭം കൊയ്യാനാണ് ഇടതു-വലത് നേതാക്കളുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.
കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ ആരുടെയെങ്കിലും മുട്ടടിപ്പിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിവിടെയും കൊണ്ടുവരാൻ സിപിഎമ്മും കോൺഗ്രസും മുൻകൈ എടുക്കണമെന്നും സുരേന്ദ്രൻ പരിഹസിച്ചു. ചരിത്രത്തിൽ ആദ്യമായി നെല്ലിന്റെ താങ്ങുവില വെട്ടികുറിച്ച പിണറായി സർക്കാറിന്റെ ഇപ്പോഴത്തെ കർഷക സ്നേഹം ജനങ്ങൾക്ക് മനസ്സിലാവും. കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വ്യാപകമാവുന്നുണ്ട്. മൊയ്ലിയാൻമാർ തുപ്പുന്നതാണ് ചിലയിടത്ത് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാം, ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസൻ, സംസ്ഥാന ട്രെഷറർ ഇ.കൃഷ്ണദാസ് എന്നിവരും സംബന്ധിച്ചു.
സഞ്ജിത്തിന്റെ കൊലപാതക കേസ് അന്വേഷിക്കുന്നതിൽ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചു: കെ.സുരേന്ദ്രൻ
പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകകേസ് അന്വേഷിക്കുന്നതിൽ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കെ.സുരേന്ദ്രൻ. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സംഭവം സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരൻ ഇതുസംബന്ധിച്ച് അറിയിച്ചിട്ടും ദേശീയപാതയിൽ വാഹനപരിശോധന നടത്തിയില്ല. റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും സിസിടിവികൾ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതിൽ വീഴ്ചപറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംഭവം നടന്ന് അഞ്ച്ദിവസം കഴിഞ്ഞാണ് വാഹനത്തിന്റെ ഫോട്ടോ പുറത്തുവിട്ടത്.
വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. സർക്കാർ അനാസ്ഥയാണ് ഇതിന് കാരണം. സിപിഎമ്മിന്റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications