ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്, കള്ളക്കഥ തൊണ്ട തൊടാതെ വിഴുങ്ങിയോ? ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും നില്‍ക്കുന്ന ചിത്രവും സന്ദീപ് വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കമുളളവർ മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ടിപ്പു സുൽത്താന്റെ വാളും സിംഹാസനവും ഒക്കെ ഒരു വ്യക്തി വീട്ടിൽ സൂക്ഷിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർക്കും കെ സുധാകരനുമൊക്കെ ഒരു സംശയവും തോന്നിയില്ലേ എന്ന് സന്ദീപ് വാര്യർ ചോദിക്കുന്നു.

തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ? അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ? ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിൻ്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ?
ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം

ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ? ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്. അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും''.

ശ്രീജിത്ത് പണിക്കരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കുറിപ്പ് വായിക്കാം: ''ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയിൽ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്റ അവർകളും ശ്രീമാൻ മനോജ് എബ്രഹാം സെറും നിൽക്കുന്ന ഹൃദയഹാരിയായ കാഴ്ച്ച. പുരാവസ്തുക്കളെക്കുറിച്ച് താല്പര്യമുള്ളയാൾ എന്ന നിലയിൽ എന്റെ നിരീക്ഷണങ്ങൾ ഞാൻ പറയാം. ലക്ഷണം കണ്ടിട്ട്, ശ്രീമാൻ ബെഹ്റ ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വർഷം മുൻപ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരൻ ഉപയോഗിച്ച സിംഹാസനത്തിൽ ആണ്.

അദ്ദേഹത്തെ വധിച്ചശേഷം മകൻ അജാതശത്രു ഈ സിംഹാസനം മഗധ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ലിയനാർഡോ ഡികാപ്രിയോയുടെ സഹായത്തോടെ ഒരു അശോക് ലെയ്ലാൻഡ് ട്രക്കിൽ കയറ്റി എവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചിരപുരാതനമായ ഈ സിംഹാസനത്തിന് സുമാർ മുപ്പത് കൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകും.അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം.

രാമരാവണയുദ്ധത്തിൽ രാവണൻ കൊല്ലപ്പെട്ട ശേഷം ലങ്കാരാജ്യത്തിലെ വടക്കിനിയിൽ പുട്ട് ഉണ്ടാക്കാനുള്ള അരിപൊടിക്കാൻ ഉലക്കയ്ക്ക് പകരമായി ഇത് ഉപയോഗിച്ചതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. തടി അക്കേഷ്യ ആണെന്ന് തോന്നുന്നു. ശ്രീമാൻ മനോജ് എബ്രഹാം സെറിന്റെ കയ്യിൽ കാണുന്നത് ഒരുപക്ഷേ അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിക്കാൻ അദ്ദേഹത്തിന്റെ സൈന്യാധിപൻ ആയിരുന്ന പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം. ക്രിസ്തുവിന് 180 വർഷം മുൻപാണ് സംഭവം നടന്നത്. ചുരുങ്ങിയത് 2005ൽ എങ്കിലും നിർമ്മിക്കപ്പെട്ട ഈ വാളിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ടാകും.
Recommended Video

എന്നാൽ ഈ വാളിന് 50 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രകുതുകികളായ ചിലർ എന്നോട് പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഈ വാൾ പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ബ്രണ്ണറായി സായിപ്പ് കരഗതമാക്കിയത്രേ. ഊരിപ്പിടിച്ച ഈ വാളിന്റെ ഇടയിലൂടെ മൂർച്ചയില്ലെന്ന ധൈര്യത്തിൽ ഇന്ദ്രചന്ദ്രാദികളെ കൂസാത്ത പലരും തെക്കുവടക്ക് ഉലത്തിയിട്ടുണ്ടത്രേ, ക്ഷമിക്കണം, ഉലാത്തിയിട്ടുണ്ടത്രേ. എന്റെ പരിമിതമായ ചരിത്രാവബോധത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത്. ആധികാരികത അവകാശപ്പെടുന്നില്ല. കാലഗണനയെ കുറിച്ചോ വസ്തുതകളെ കുറിച്ചോ കൂടുതൽ അറിവുള്ളവർ എന്നെ തിരുത്തിയാൽ സന്തോഷം. ജയ് ചിങ്ചോ''!












Click it and Unblock the Notifications