കണ്ണൂരിലെ ബിജെപി വിമതര്‍ സിപിഎമ്മിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതൃത്വത്തോട് പിണങ്ങി രൂപീകരിച്ച നമേ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നതായി വാര്‍ത്ത. പ്രവര്‍ത്തകരും നേതാക്കളും സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ തന്നെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ച് കൂട്ടി പാര്‍ട്ടി പിരിച്ചു വിട്ടേക്കും.
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് സ്വഭാവ ദൂഷ്യം ആരോപിച്ചാണ് ഒരു സംഘം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് നമോ വിചാര്‍ മഞ്ച് രൂപീകരിച്ചത്. വിമതരെങ്കിലും തങ്ങള്‍ ബിജെപിക്ക് ഒപ്പമാണെന്നും നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്നുമൊക്കെയായിരുന്നു ഇവര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെടും എന്നായിരുന്നു ഇവരുടെ പ്രതീക്ഷ.

എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തില്‍ ജില്ലാ നേതൃത്വത്തിനൊപ്പമാണ് നില കൊണ്ടത്. നമോ വിചാര്‍ മഞ്ചുമായി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ഉണ്ടായില്ല. ഇതോടെ വിമതര്‍ ആശയക്കുഴപ്പത്തിലായി.
ഈ സാഹചര്യത്തിലാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ നമോ വിചാര്‍ മഞ്ചും സമരത്തില്‍ സിപിഎമ്മിനൊപ്പം കൈകോര്‍ത്തു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി നില്‍ക്കണം എന്ന തീരുമാനത്തിലാണ് വിമതര്‍. സിപിഎം, കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു ഭൂരിപക്ഷം പേരും സിപിഎമ്മില്‍ ചേരുന്നതിനോട് യോജിക്കുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സിപിഎമ്മുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിഭാഗം പ്രവര്‍ത്തകരും നമോ വിചാര്‍ മഞ്ചില്‍ ഉണ്ട്. പലരും കൊലക്കേസ് അടക്കമുള്ളവയില്‍ പ്രതികളുമാണ്. ഇവര്‍ക്ക് സിപിഎമ്മിനൊപ്പം ചേരാന്‍ വിമുഖതയുള്ളതായും പറയുന്നു.
ഈ സാഹചര്യത്തിലാണ് സംഘടന പിരിച്ചുവിട്ട് വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളില്‍ ചേക്കേറാന്‍ നേതാക്കള്‍ തീരുമാനമെടുത്തിട്ടുള്ളതത്രെ. എന്തായാലും ജനുവരി അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.
ഒ.കെ.വാസുമാസ്റ്റര്‍, എ.അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നിലവില്‍ ബിജെപിയില്‍ ഉള്ള കൂടുതല്‍ പ്രവര്‍ത്തകരേയും നേതാക്കളേയും സിപിഎമ്മിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications