ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്‍'
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപിയില്‍ ചേരാനിരുന്നത് മുതിര്‍ന്ന സിപിഎം നേതാവും ഇടതുപക്ഷ കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ആണെന്നാണ് ശോഭ മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചത് ഇപി ജയരാജനാണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ച പിന്നാലെയാണ് ശോഭയുടെ വെളിപ്പെടുത്തല്‍. കെ സുധാകരന്‍ ബിജെപിയില്‍ പോകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താനല്ല, ഇപി ജയരാജനാണ് ബിജെപിയില്‍ ചേരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

തലയെടുപ്പുള്ള കണ്ണൂരിലെ സിപിഎം നേതാവ് ബിജെപിയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിലുള്ള വിശദീകരണമാണ് ഇന്ന് നല്‍കിയത്. ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ശോഭ സുരേന്ദ്രന്‍ മറുപടി പറഞ്ഞു. ഏത് നേതാവ് ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ച നടത്താന്‍ തനിക്ക് ചുമതലയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഇത്താര്യത്തില്‍ 90 ശതമാനവും തയ്യാറായതാണ്. പിന്നീട് ക്വട്ടേഷന്‍ ഭയന്ന് പിന്മാറുകയാണ് ചെയ്തത്. ചില്ലറ ഭീഷണിയായിരിക്കില്ല വന്നത്. എത്ര തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ട് വന്നാലും എട്ട് സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്താനുള്ള അനുമതി തനിക്ക് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
അതേസമയം, കെ സുധാകരന്‍ മറ്റു ചില കാര്യങ്ങളാണ് വിശദീകരിച്ചത്. ബിജെപിയില്‍ ചേരുന്നതിന് ശോഭ സുരേന്ദ്രനുമായും രാജീവ് ചന്ദ്രശേഖറുമായും ഇപി ജയരാജന്‍ ചര്‍ച്ച നടത്തി എന്ന് സുധാകരന്‍ ആരോപിച്ചു. ഗള്‍ഫില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ഗവര്‍ണര്‍ പദവി നല്‍കാമെന്നും ചര്‍ച്ചയില്‍ വിഷയമായി. മധ്യസ്ഥരായവരാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. സിപിഎമ്മില്‍ നിന്ന് ഭീഷണിയുള്ളതിനാലാണ് ജയരാജന്‍ ഇപ്പോള്‍ ബിജെപിയില്‍ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സുധാകരന് മറുപടിയുമായി ജയരാജന്‍ രംഗത്തുവന്നു. അദ്ദേഹം രാവിലെ മരുന്ന് കഴിച്ചില്ലെന്നാണ് തോന്നുന്നത് എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. ബിജെപി നേതാക്കളുമായി സുധാകരന് ബന്ധമുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ ചില വിവരങ്ങള്‍ കിട്ടിയെന്ന് പറഞ്ഞ് എനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ബിജെപിക്കും ആര്‍എസ്എസിനും എതിരെ പൊരുതി വന്നവനാണ് താനെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications