രാജീവ് ചന്ദ്രേഖറിന് നേമം, കഴക്കൂട്ടം പിടിക്കാൻ വി മുരളീധരനും; സ്ഥാനാർത്ഥികളെ വേഗത്തിൽ ഇറക്കാൻ ബിജെപി
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നേരത്തെ തന്നെ തീരുമാനിച്ച് പ്രചാരണം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ആരംഭിക്കുകയാണ് ഇപ്പോൾ ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 30 സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചുവന്നതാണ് പ്രധാന കാര്യം. കെ സുരേന്ദ്രന്റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. പ്രചാരണത്തിനായി അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ബിജെപിയുടെ പ്രചാരണത്തിന് ഇക്കുറി എത്തുന്ന ആദ്യ ദേശീയ നേതാവായിരിക്കും അമിത് ഷാ.

തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ച സാഹചര്യത്തിൽ കൂടി അമിത് ഷായുടെ വരവ് നിർണായകമാണ്. സംസ്ഥാനത്ത് സ്വാധീനം സ്ഥാപിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ ഉണ്ടാക്കി എടുക്കാനും ഒക്കെയാണ് ബിജെപി തീവ്രമായി ശ്രമിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതിന്റെ ആഘോഷം എന്ന നിലയിൽ കൂടിയാണ് അമിത് ഷായുടെ സന്ദർശനത്തെ ബിജെപി നോക്കി കാണുന്നത്. ഇത് പാർട്ടി കേന്ദ്രങ്ങൾക്ക് ഉണർവ് പകരുമെന്നാണ് വിലയിരുത്തൽ.
ഈ മാസം 11നാകും അമിത് ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി ഉൾപ്പെടെ അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് വിവരം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടിയുടെ ഭാരവാഹികളും പങ്കെടുക്കും. അമിത് ഷായ്ക്ക് പുറമേ സംസ്ഥാന തലത്തിലെ മുതിർന്ന നേതാക്കൾ എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുക്കും. മറ്റ് മുന്നണികൾ ഒക്കെ സ്ഥാനാർത്ഥി നിർണയം ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ പ്രധാൻ മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കുക എന്ന തന്ത്രമാണ് ബിജെപി പുറത്തെടുക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നിർണായക നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്നാണ് ബിജെപി കോർ കമ്മറ്റി വിലയിരുത്തിയത്. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും ഹിന്ദു വോട്ടുകൾ നഷ്‌ടമായെന്നുമാണ് കണ്ടെത്തൽ. ബിജെപിയുടെ ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3 ശതമാനം മാത്രമാണെന്നും കോർ കമ്മറ്റി നിരീക്ഷിച്ചു.
അതിനിടെ സീറ്റിനായുള്ള ചരട് വലികളും ബിജെപിക്ക് ഉള്ളിൽ സജീവമാണ്. വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ ശ്രീലേഖയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. കെ സുരേന്ദ്രൻ നിലപാടിൽ ഉറച്ചു നിന്നാൽ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്ന ശ്രീലേഖയെ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. പാലക്കാട് പ്രശാന്ത് ശിവന് നൽകണമെന്നും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.












Click it and Unblock the Notifications