'സിപിഎമ്മിന് പറ്റിയ തിരഞ്ഞെടുപ്പ് ചിഹ്നം ബോംബ്, പച്ച കാണുമ്പോൾ അവർക്ക് ഭ്രാന്ത് പിടിക്കുന്നു'; കെഎം ഷാജി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ അപകടമുണ്ടായ സംഭവത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മിന് പറ്റിയ തിരഞ്ഞെടുപ്പ് ചിഹ്നം ബോംബ് ആണെന്നായിരുന്നു ഷാജിയുടെ വിമർശനം. ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെഎം ഷാജി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ഇന്നലെ മരണത്തിന് കീഴടങ്ങിയിരുന്നു. മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്. ഇവർ സിപിഎം ബന്ധമുള്ളവരാണെന്നായിരുന്നു തുടക്കം മുതൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഷാജിയുടെ വിമർശനം.

ഈ തിരഞ്ഞെടുപ്പിൽ കാര്യമായി വോട്ടു ചെയ്‌ത് വിജയിപ്പിച്ചില്ലെങ്കിൽ പാർട്ടിയുടെ ചിഹ്‍നം എലിപ്പെട്ടിയായി പോകുമെന്ന് എകെ ബാലൻ ആശങ്കപ്പെടുമ്പോൾ, തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്‍നം ബോംബ് ആക്കിയാൽ സകല പ്രശ്‌നവും തീരുമെന്നായിരുന്നു ഷാജിയുടെ പരിഹാസം. കൂടാതെ സിപിഎം നേതാക്കളുടെ മകൾക്ക് എതിരായ ആരോപണങ്ങളും ഷാജി ചൂണ്ടിക്കാട്ടി.
ബോംബ് നിർമ്മിക്കുന്നവരെ തള്ളിപ്പറഞ്ഞ സിപിഎം പക്ഷേ വലിയ കുറ്റങ്ങൾ ചെയ്‌ത മുഖ്യമന്ത്രിയുടെ മകളെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെന്നായിരുന്നു ഷാജി പറഞ്ഞത്. മുഖ്യമന്ത്ര പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം ചൂണ്ടിക്കാട്ടിയാണ് ഷാജിയുടെ വിമർശനം, കൂടാതെ ഇപി ജയരാജന്റെ മകനെതിരായ ആരോപണവും ഷാജി പരാമർശിച്ചു.
വയനാട്ടിൽ പ്രചാരണത്തിനിടെ ഉണ്ടായ പച്ചക്കൊടി വിവാദത്തിലും ഷാജി പ്രതികരിച്ചു. പച്ച കാണുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവർത്തിക്കുന്നത്. ആശയമാണ് പ്രധാനം, അല്ലാതെ കൊടിയും പച്ചയുമൊന്നുമല്ല. നിറംമാറ്റാൻ പാർട്ടി തീരുമാനിച്ചാൽ ആ കൊടി പിടിക്കുമെന്നും ഷാജി വ്യക്തമാക്കി.
നേതാക്കളുടെ മക്കൾ ബോംബ് ഉണ്ടാക്കാൻ പോവുന്നില്ലെന്നും, അവർ പൈസ ഉണ്ടാക്കാൻ മാത്രമാണ് പോവുന്നതെന്നും ഷാജി പരിഹസിച്ചു. ബോംബുണ്ടാക്കി കൈയും കാലും പോകാനുള്ള പണിക്കൊന്നും നേതാക്കളുടെ മക്കളെ കിട്ടില്ല, അതുകൊണ്ട് അവരെ തള്ളിപ്പറയുന്നില്ലെന്ന പറഞ്ഞ ഷാജി, കൈയും കാലും ഇല്ലാത്തവരെ പാർട്ടിക്ക് പിന്നെയെന്തിനാണ് എന്നതിനാലാണ് മറ്റുള്ളവരെ തള്ളിപ്പറയുന്നതിനും ആരോപിച്ചു.
ഇപ്പോൾ ഭരിക്കുന്നവരുടെയും പാർട്ടി സെക്രട്ടറിയുടെയും പശ്ചാത്തലം എന്താണെന്ന ചോദിച്ച ഷാജി വെട്ട്, കുത്ത്, അഴിമതി, ബോംബ് എന്നിവയൊക്കെയല്ലേ എന്നും പറഞ്ഞു. ഇവരിൽ നിന്നും സത്യസന്ധമാ നിലപാടുകൾ പ്രതീക്ഷിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ മന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ കെകെ ശൈലജ മത്സരിക്കുന്ന വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായ പാനൂർ. ഇതിന് പിന്നാലെ പ്രതികളിൽ ഒരാൾ ശൈലജയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതികളെ തള്ളിപറഞ്ഞ് രംഗത്ത് വരികയായിരുന്നു.












Click it and Unblock the Notifications