'വാലും തലയിലുമില്ലാത്ത മറുപടികൾ, വിഴിഞ്ഞത്തെ കുറിച്ചും പ്രതികരണമില്ല';നിർമല സീതാരാമനെതിരെ ബ്രിട്ടാസ്
തിരുവനന്തപുരം: ധനമന്ത്രി നിർമ്മലാ സീതാരമനെതിരെ സി പി എം എം പി ജോൺ ബ്രിട്ടാസ്. വിഴിഞ്ഞം തുറമുഖം അടക്കം വിവിധ വിഷയങ്ങളിൽ പല ചോദ്യങ്ങൾ താൻ ഉയർത്തിയിട്ടും വാലും തലയുമില്ലാത്ത പ്രതികരണം മാത്രമാണ് അവർ നൽകിയതെന്ന് ബ്രിട്ടാസ് വിമർശിച്ചു. ' കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള എന്റെ നിലപാടിനെ പരിഹസിക്കാൻ വേണ്ടി 1959ൽ ഇഎംഎസ് നമ്പൂതിരിപ്പാടിനെ പിരിച്ചുവിട്ട കോൺഗ്രസുമായിട്ടല്ലേ നിങ്ങളുടെ ചങ്ങാത്തം എന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം. കോൺഗ്രസുമായി ഞങ്ങൾക്കൊരു ചങ്ങാത്തവുമില്ല, നിങ്ങളുടെ പാർട്ടിയാണ് കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ഇടതുപക്ഷത്തെ എതിർക്കുന്നത് എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ മന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്', ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

ധനവിനിയോഗ ബില്ലുകളെ അടിസ്ഥാനപ്പെടുത്തി സമ്പദ് രംഗത്തെക്കുറിച്ച് രണ്ടുദിവസമായി രാജ്യസഭയിൽ നടന്ന ചർച്ചയുടെ ഒടുവിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ മറുപടി നൽകിയത്.ദുരന്തം വിതച്ച, ദേശീയ വരുമാനത്തിൽ 15 ലക്ഷം കോടിയോളം രൂപ കുറവ് വരുത്തിയ നോട്ടുനിരോധനത്തെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?
ആത്മനിർഭർ, മെയ്ക് ഇൻ ഇന്ത്യ എന്നീ ഗീർവാണങ്ങൾക്കിടയിൽ നിർമ്മാണമേഖല ശുഷ്കിക്കുകയും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി വർദ്ധിക്കുകയും ചെയ്തതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു പറയാനുണ്ട്?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ താറുമാറാക്കി സംസ്ഥാനങ്ങളുടെ വിഭവങ്ങൾ കവരുന്നതിനെ കുറിച്ച് എന്ത് പറയാനുണ്ട്? സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാതിരിക്കാൻ സർചാർജും സെസും ചുമത്തി ഒരു വർഷം തന്നെ 7 ലക്ഷം കോടി രൂപ കേന്ദ്രം ഉണ്ടാക്കിയത് ശരിയാണോ? ഇത് ധനകാര്യ കമ്മീഷന്റെ ശുപാർശയുടെ ലംഘനം അല്ലേ? ഇക്കാരണങ്ങൾ കൊണ്ട് 24000 കോടി രൂപയുടെ നഷ്ടം കേരളത്തിന് മാത്രം ഒരു വർഷം സംഭവിച്ചില്ലേ? ഒട്ടേറെ ചോദ്യങ്ങൾ ഞാൻ ഉന്നയിച്ചിരുന്നു. എന്റെ പേരെടുത്ത് ധനമന്ത്രി മറുപടി പറഞ്ഞപ്പോൾ വാലും തലയുമില്ലാത്ത പ്രതികരണമാണ് നടത്തിയത്.
കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള എന്റെ നിലപാടിനെ പരിഹസിക്കാൻ വേണ്ടി 1959ൽ ഇഎംഎസ് നമ്പൂതിരിപ്പാടിനെ പിരിച്ചുവിട്ട കോൺഗ്രസുമായിട്ടല്ലേ നിങ്ങളുടെ ചങ്ങാത്തം എന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം. കോൺഗ്രസുമായി ഞങ്ങൾക്കൊരു ചങ്ങാത്തവുമില്ല, നിങ്ങളുടെ പാർട്ടിയാണ് കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ഇടതുപക്ഷത്തെ എതിർക്കുന്നത് എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ മന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. അദാനിയെ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കാൻ വേണ്ടി യു ഡി എഫും എൽ ഡി എഫും ഒരുമിച്ച് ആനയിച്ചില്ലേ എന്ന ചോദ്യവും അവർ തൊടുത്തു വിട്ടിരുന്നു.
വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നടപ്പിലാക്കാനാണ് ഇടതുപക്ഷം ആഗ്രഹിച്ചതെന്നും യു ഡി എഫ് ആണ് അദാനിയെ കൊണ്ടുവന്നതെന്നും തുറമുഖത്തിന്റെ നിർമ്മാണം മുന്നോട്ട് പോയത് കൊണ്ട് അത് തുടരുക മാത്രമാണ് എൽ ഡി എഫ് ചെയ്തതെന്നും വിശദീകരിച്ചപ്പോൾ അവർക്ക് പ്രതികരണമുണ്ടായില്ല. സംസ്ഥാനങ്ങളുടെ വിഹിതം കവരുന്നതിനെ കുറിച്ചോ നോട്ട് നിരോധനത്തെ കുറിച്ചോ ഒരക്ഷരം പോലും പറയാതെയാണ് ധനമന്ത്രി തന്റെ മറുപടി അവസാനിപ്പിച്ചത്.












Click it and Unblock the Notifications