Get Updates
Get notified of breaking news, exclusive insights, and must-see stories!

കൻ്റോൺമെൻ്റ് ഹൗസാണ് ‘സീനിയർ’, മഹാത്മ ഗാന്ധി താമസിച്ച ക്ലിഫ് ഹൗസ്- വാർത്തകളിൽ നിറയുന്ന ഔദ്യോഗിക വസതികൾ

കേരളത്തിന്റെ മുഖ്യമന്ത്രിയാര്, പ്രതിപക്ഷ നേതാവ് ആര് എന്നിങ്ങനെയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, വാർത്തകളിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ സിരാകേന്ദ്രങ്ങളായ ക്ലിഫ് ഹൗസും കൻ്റോൺമെൻ്റ് ഹൗസും പരാമർശിക്കപ്പെടാറുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഔദ്യോഗിക വസതികൾ. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ വസതിയും കൻ്റോൺമെൻ്റ് ഹൗസ് പ്രതിപക്ഷ നേതാവിന്റെ വസതിയും. പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറിയെന്ന വാർത്തയാണ് ഇരുവസതികളെയും വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചത്.

പ്രതിപക്ഷ നേതാവിന് അനുവദിച്ചതാണെങ്കിലും കൂട്ടത്തിൽ സീനിയർ കൻ്റോൺമെൻ്റ് ഹൗസാണ്. 1819ൽ ​ബ്രിട്ടീഷ് സൈനിക മേധാവിക്ക് വേണ്ടിയാണ് കൊളോണിയൽ മാതൃകയിലുള്ള ഈ പൈതൃക കെട്ടിടം നിർമിച്ചത്. 207 വർഷങ്ങളുടെ ചരിത്രം പേറിയാണ് ഈ പ്രൗഢനിർമിതിയുടെ നിൽപ്പ്. ക്ലിഫ് ഹൗസിന് 84 വയസ്സുമായി. ദേവസ്വം വകുപ്പിൻ്റെ ചാർജുണ്ടായിരുന്ന ദിവാൻ പേഷ്‌കാർക്ക് താമസിക്കാൻ തിരുവിതാംകൂർ രാജഭരണകാലത്ത് നന്തൻകോട് നിർമിച്ചതാണ് ക്ലിഫ് ഹൗസ്. 1939ൽ നിർമാണം തുടങ്ങി 1942ൽ പണി പൂർത്തിയാക്കിയതായാണ് സർക്കാർ രേഖകളിലുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് എക്‌സൈസ് കമ്മിഷണറുടെ വസതിയായിരുന്നു ഇത്. മഹാത്മാഗാന്ധിയും ക്ലിഫ് ഹൗസിൽ താമസിച്ചിട്ടുണ്ട്. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത മന്ദിരം 1957 മുതൽ മുഖ്യമന്ത്രിമാരുടെ വസതിയായി. ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ളവരിൽ ഭൂരിഭാഗവും ക്ലിഫ് ഹൗസിൽ താമസിച്ചിട്ടുണ്ട്.

cliffhouse01

മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് വളപ്പ്. ക്ലിഫ് ഹൗസിന്റെ വലിപ്പം 15,000 ചതുരശ്ര അടിയാണ്. വളപ്പിൽ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്. കേരളീയ വാസ്‌തുശിൽപരീതിയും കൊളോണിയൽ ഇംഗ്ലീഷ് വാസ്‌തുശിൽപരീതിയും സംയോജിപ്പിച്ച ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പുമുറികളും ഉദ്യോഗസ്ഥർക്ക് പ്രത്യേക വാസസ്ഥലങ്ങളുമുണ്ട്. നാല് വരാന്തകളാണ് ക്ലിഫ് ഹൗസിനുള്ളത്. കോൺഫറൻസ് മുറി, ലൈബ്രറി, അതിഥികളെ സ്വീകരിക്കുന്ന മുറി, മുഖ്യമന്ത്രിയുടെ സ്വകാര്യ ഓഫിസ്, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫിസുകൾ, ലിവിങ് റൂം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്നു. രണ്ടാം നിലയിലാണ് മിക്ക കിടപ്പുമുറികളും.

ക്ലിഫ് ഹൗസിൽ എത്ര മുറികളുണ്ടെന്ന് മകന് അറിയില്ലെന്ന പിണറായി വിജയൻ്റെ പരാമർശം അടുത്തി​ടെ വാർത്തയായിരുന്നു. ക്ലിഫ് ഹൗസിന്റെ മോടിപിടിപ്പിക്കലും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കെ. കരുണാകരൻ സ്വിമ്മിങ് പൂൾ നിർമിച്ചതും അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടിയുടെ പച്ചക്കറിത്തോട്ടവും എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ വാഴത്തോട്ടവും പിണറായി വിജയൻ 40 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച കാലിത്തൊഴുത്തുമൊക്കെ ക്ലിഫ് ഹൗസി​നെ വാർത്താതാരമാക്കിയിട്ടുണ്ട്.

രണ്ട് നൂറ്റാണ്ടിന്റെ കേരള ചരിത്രമുറങ്ങുന്ന മന്ദിരമാണ് കൻ്റോൺമെൻ്റ് ഹൗസ്. തിരുവിതാംകുർ പട്ടാളത്തെ പിരിച്ചുവിട്ട് ബ്രീട്ടീഷ് സൈന്യം ഭരണമേറ്റെടുക്കുന്നത് 1805ലാണ്. തിരുവനന്തപുരം നഗരത്തെ ഭൂമിശാസ്ത്രപരമായ വിഭജിച്ച ബ്രിട്ടീഷ് സൈന്യം പാളയം മുതൽ വടക്കോട്ടുള്ള പ്രദേശത്താണ് താമസമുറപ്പിച്ചത്. സൈനിക മേധാവിക്കായി പാളയത്തിന് സമീപം 1819ലാണ് കൻ്റോൺമെൻ്റ് ഹൗസ് പൂർത്തിയാകുന്നത്. കൊളോണിയൽ ബംഗ്ലാവ് ശൈലിയിൽ വിശാലമായ ലേഔട്ടുകളും ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് വസതികളുടെ ഉയർന്ന മേൽത്തട്ടുകളും തറയോടുകളുമാണ് കൻ്റോൺമെൻ്റ് ഹൗസിന്റെ പ്രത്യേകത. മൂന്നു കിടപ്പുമുറികളും മൂന്നു ഹാളുകളുമുള്ള ഒറ്റനില കെട്ടിടത്തിനു ചുറ്റും വിശാലമായ വരാന്തയുമുണ്ട്. മുന്നിലുള്ള മെയിൻ ബ്ലോക്കിൽ രണ്ടു ഹാളുകൾ മാത്രമാണുള്ളത്. പുറകിലുള്ള കെട്ടിടത്തിലാണ് കിടപ്പുമുറികളും ഒരു ഹാളുമുള്ളത്. വർഷങ്ങളായി നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി വരാന്ത വേർതിരിച്ച് ഇപ്പോൾ നാലു മുറികളാക്കി മാറ്റി.

കെട്ടിടത്തിനു മുന്നിലായി വിരമിച്ച സൈനികർക്കു വേണ്ടി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുന്ന വർക്ക്‌ഷോപ്പ് മുമ്പ് ഉണ്ടായിരുന്നു. സി. കേശവൻ, പി.കെ. കുഞ്ഞ്, സി. അച്യുത മേനോൻ, കെ. കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങി നിരവധി രാഷ്ട്രീയ ഇതിഹാസങ്ങൾ ഇവിടെ താമസിച്ചിട്ടുണ്ട്. 1980ൽ ഇ.കെ. നായനാർ ഭരിക്കുമ്പോൾ കൻ്റോൺമെൻ്റ് ഹൗസ് മുഖ്യമ​ന്ത്രിയുടെ വസതിയുമായി. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന 2001-2006 കാലത്ത് പൈതൃക ഘടന നിലനിർത്തിക്കൊണ്ട് കൻ്റോൺമെൻ്റ് ഹൗസ് നവീകരിച്ചിരുന്നു. അന്ന് ഇതിനായി 79.82 ലക്ഷം രൂപ ചെലവഴിച്ചതും വാർത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+