സഭാതര്‍ക്കം: കത്തോലിക്ക ബാവയെ അറസ്റ്റ് ചെയ്തു
ആലുവ: സഭാതര്‍ക്കം നിലനില്‍ക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ശ്രേഷ്ഠ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാവിശ്വാസികള്‍ വിലക്ക് ലംഘിച്ച് പ്രാര്‍ഥന നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കത്തോലിക്കാ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.30 ഓടെ അദ്ദേഹം യാക്കോബായ വിശ്വാസികള്‍ക്കൊപ്പം പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത ബാവയെ ആശുപത്രിയിലേക്ക് മാറ്റി.
ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന തൃക്കാക്കര സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ജനുവരി 27,28 തിയ്യതികളില്‍ ആരാധനയ്ക്കായി തുറന്നിരുന്നു. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നിബന്ധനകളോടെ വര്‍ഷത്തില്‍ രണ്ട് ദിവസം താത്ക്കാലികമായി സെമിനാരി തുറക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണിത്.

സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളും യാക്കോബായ സുറിയാനി സഭയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അവകാശപ്പെടുന്നു. സെമിനാരി സ്ഥാപിച്ച കടവില്‍ പൗലോസ് മോര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത വടക്കന്‍ പറവൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വില്‍പ്പത്രത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
1975 ല്‍ പാത്രിയര്‍ക്കീസ് ബാവ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഭയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ സാമാന്യ മര്യാദയനുസരിച്ച് തൃക്കുന്നത്ത് സെമിനാരി യാക്കോബായ സഭയ്ക്ക് തിരിച്ചു നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ബാവ യാക്കോബായ സഭാവിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനയ്‌ക്കെത്തിയത്.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സെമിനാരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം പൊലീസ് തൃക്കാക്കര പള്ളി പൂട്ടി സീല്‍ ചെയ്തു. പള്ളിയില്‍ നിന്ന് മുഴുവന്‍ വിശ്വാസികളെയും മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹം പള്ളിപ്പരിസരത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications